National

സ്വാതി മലിവാളിന്റെ പരാതി; കെജ്‍രിവാളിന്‍റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്

Spread the love

എ.എ.പി രാജ്യസഭാ എം.പി സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും. സ്വാതി മലിവാളിന്റെ പരാതിക്കാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ആ വീട്ടിലുണ്ടായിരുന്നവരെയെല്ലാം ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് കെജ്രിവാളിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.

കെജ്രിവാളിന്റെ പേഴ്സൽ അസിസ്റ്റന്റ് ബൈഭവ് കുമാർ, മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് തന്നെ കൈയേറ്റം ചെയ്തെന്നാണ് സ്വാതി മലിവാളിന്റെ പരാതി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബൈഭവ് നിലവിൽ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലാണ്. കെജ്രിവാളിന്റെ ഭാര്യ സുനിതയെയും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുണ്ട്.

എന്നാൽ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് വിഷയം ആയുധമാക്കുകയാണ് എഎപി. 85 വയസായ കെജ്രിവാളിന്റെ അമ്മ അയോധ്യരാമക്ഷേത്രത്തിൽ ദ‌ർശനം നടത്തിയതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ രോഗം ബാധിച്ച് ആശുപത്രിയിലായിരുന്നു. ഈയിടെയാണ് ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് തിരിച്ചെത്തിയത്. നടക്കാൻ പോലും വയ്യാത്ത അവരെ കേസിലുൾപ്പെടുത്തി ഉപദ്രവിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.

അസുഖബാധിതരായ തന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നതിനെ എതിർത്തും കെജ്രിവാൾ രംഗത്തുവന്നിരുന്നു. അതേസമയം കേസന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരിൽനിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു.

മേയ് 13ന് കെജ്രിവാളിനെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയ തന്നെ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് ബൈ​ഭ​വ് കു​മാ​ർ മർദിച്ചുവെന്നായിരുന്നു സ്വാതി മലിവാളിന്‍റെ പരാതി. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടുകയും ചെയ്തെന്ന് സ്വാതി പരാതിയിൽ പറയുന്നു.