പെരിയാറിൽ മീനുകൾ ചത്തുപൊങ്ങി; മത്സ്യക്കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
പെരിയാറിൽ മത്സ്യ സമ്പത്ത് പൂർണമായി ചത്തുപൊങ്ങി. മത്സ്യക്കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. പെരിയാറിൽ കൊച്ചി എടയാർ വ്യവസായ മേഖലയിലാണ് മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. രാസമാലിന്യം പുഴയിൽ കലർന്നെന്ന് നാട്ടുകാർ ആരോപിച്ചു. ചത്തുപൊങ്ങിയ മീനുകൾ മാർക്കറ്റിൽ വിൽക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി ഉയർന്നു.
പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ഇത്രയധികം മത്സ്യം ചത്തുപൊങ്ങുന്നത് ആദ്യമായിട്ടാണ്. അതിനിടെ ചത്ത മീനുകളെ പഞ്ചായത്ത് ഓഫീസിൽ കൊണ്ടുവന്ന് പ്രതിഷേധം നടത്തി വരാപ്പുഴയിലെ നാട്ടുകാർ. മലിനീകരണ നിയന്ത്രണ ബോർഡ് വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. രാത്രി പരാതി പറയാൻ വിളിച്ചപ്പോൾ ഫോൺ ഓഫ് ചെയ്തെന്ന് നാട്ടുകാർ പറഞ്ഞു.