തിരുവനന്തപുരം മംഗലപുരത്ത് ടാങ്കർ മറിഞ്ഞു; അതീവ സുരക്ഷയോടെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നു; ഒരു കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം മംഗലപുരത്ത് മറിഞ്ഞ ടാങ്കറിൽ നിന്ന് പാചകവാതകം മാറ്റുന്ന നടപടി പുരോഗമിക്കുന്നു. മൂന്ന് ടാങ്കറുകളിലേക്ക് അതീവ സുരക്ഷയോടെയാണ് വാതകം മാറ്റുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തി.
ഗതാഗതം നിയന്ത്രിച്ചും, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയുമാണ് അതീവ ശ്രദ്ധയോടെ പാചകവാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകളിലും ഹോട്ടലുകളിലും അടുപ്പുകൾ കത്തിക്കാനോ ഇൻവെർട്ടർ പ്രവർത്തിക്കാനോ അനുമതിയില്ല. പള്ളിപ്പുറം മുതൽ മംഗലപുരം വരെയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഫയർഫോഴ്‌സും മറ്റു വിവിധ സേനകളും ചേർന്നുള്ള ദൗത്യം ആരംഭിച്ചത്. രണ്ട് ടാങ്കറുകളിലേക്ക് വാതകം വിജയകരമായി മാറ്റി. മറിഞ്ഞ ടാങ്കർ ക്രെയിൻ ഉപയോഗിച്ച് നിവർത്തിയശേഷം മൂന്നാമത്തെ ടാങ്കറിലേക്ക് മാറ്റുന്ന നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
രാത്രി 10 മണിയോടെ ദൗത്യം പൂർത്തിയാക്കാൻ ആകും എന്നാണ് പ്രതീക്ഷ. വെളിച്ചക്കുറവിനെ നേരിടാൻ പകരം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലുമണിക്കാണ് അപകടം നടന്നത്. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവീസ് റോഡിലേക്ക് പ്രവേശിച്ച ടാങ്കർ ആണ് മറിഞ്ഞത്. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോകുന്നതിനിടെയാണ് അപകടം. ശക്തമായ മഴയിൽ മണ്ണിൽ താഴ്ന്നാണ് ടാങ്കർ മറിഞ്ഞത്.