പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകർക്കും വൈകാതെ സ്മാരകം ഉയരും’: കെ സുധാകരൻ
ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പ്രവർത്തകർക്ക് സിപിഎം സ്മാരകം, വിമർശനവുമായി കെ സുധാകരൻ. രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഐഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണ് നല്കുന്നതെന്ന് സുധാകരൻ ചോദിച്ചു.
ലോകത്ത് ഭീകരസംഘടനകളും താലിബാന്‍കാരുമൊക്കെ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സിപിഐഎം ചെയ്യുന്നത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറിയാണ് എന്നത് ഭീകരപ്രവര്‍ത്തനത്തെ സിപിഐഎം എന്തുമാത്രം താലോലിക്കുന്നു എന്നതിന് തെളിവ്. പാനൂരിൽ കൊല്ലപ്പെട്ട പ്രവർത്തകർക്കും സിപിഐഎം വൈകാതെ സ്മാരകം ഉയരുമെന്നും സുധാകരൻ വിമർശിച്ചു.
2015ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചത്. അന്ന് പാര്‍ട്ടി ഇതിനെ തളളിപ്പറഞ്ഞെങ്കിലും 2016 മുതല്‍ ഇരുവരുടെയും രക്തസാക്ഷിത്വ ദിനം ആചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മാരകം നിര്‍മിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കഴിഞ്ഞ മാസം പാനൂര്‍ മുളിയാതോട് ബോംബ് നിര്‍മാണത്തിനിടയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. വടകരയില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് സിപിഐഎം ബോംബ് തയാറാക്കിയത്. പാനൂര്‍ മുളിയാതോട് ബോംബ് സ്‌ഫോടനം ഉണ്ടായപ്പോഴും സിപിഐഎം ആദ്യം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ വൈകാതെ ഇവിടെയും സ്മാരക മന്ദിരം ഉയരുമെന്നു സുധാകരന്‍ പറഞ്ഞു.