സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും
സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.
അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സൗദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.
നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു. മരിച്ച സൗദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്