രാവിലെ 10.10ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഇനിയും പുറപ്പെട്ടില്ല; യാത്രക്കാർ പ്രതിഷേധത്തിൽ
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം പുറപ്പെടാൻ ഇനിയും വൈകും. കരിപ്പൂർ- ബഹ്റിൻ എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്. രാവിലെ 10.10 നാണ് കരിപ്പൂരിൽ നിന്നും വിമാനം പുറപ്പെടേണ്ടിയിരുന്നത്. സാങ്കേതിക തകരാർ മൂലം വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. രണ്ടുമണിക്കൂർ വിമാനത്തിൽ ഇരുത്തിയശേഷം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വിമാനം 6.30 പുറപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. കണ്ണൂർ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ 2 സർവീസുകളും കരിപ്പൂരിൽ ഒരു സർവീസും ഇന്ന് മുടങ്ങി. 2 ദിവസത്തിനകം സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. രാവിലെ അഞ്ചേകാലിനും ഒൻപതരയ്ക്കും പുറപ്പെടേണ്ടിയിരുന്ന ദമാം അബുദാബി സർവീസുകളാണ് മുടങ്ങിയത്. കരിപ്പൂരിൽ നിന്നുള്ള റാസൽഖൈമ സർവീസ് മുടങ്ങി. നെടുമ്പാശേരിയിൽ ഇന്ന് 2 സർവീസുകൾ റദ്ദാക്കി. പുലർച്ചെ 2.05 ന് ഷാർജയിലേക്കും, രാവിലെ 8 ന് ബഹ്‌റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
മെഡിക്കൽ അവധിയെടുത്ത കാബിൻ ക്രൂ അംഗങ്ങൾക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതാണ് സർവീസുകളെ ബാധിച്ചത്. ജീവനക്കാർ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്.
എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം കുവൈത്ത് പ്രവാസികളുടെ യാത്രാ ദുരിതം കൂടുതൽ ദുഷ്‌കരമായി. വ്യാഴാഴ്ച കോഴിക്കോട് – കുവൈറ്റ് സർവീസ് നടന്നെങ്കിലും വെള്ളിയാഴ്ചത്തെ സർവീസ് റദ്ദാക്കി. ഇതോടെ ബുധൻ, വെള്ളി തുടങ്ങിയ ദിവസങ്ങളിലെ യാത്രക്കാർ മറ്റു മാർഗങ്ങൾ ആശ്രയിക്കേണ്ടി വന്നു. കോഴിക്കോട് കുവൈത്ത് സെക്ടർ കൂടാതെ, കുവൈത്ത് -കണ്ണൂർ സെക്ടറിലും മറ്റും ഉള്ള യാത്രക്കാരെ സമരം ഏറെ ബാധിച്ചു. മലബാർ ഭാഗത്തേക്കുള്ള നിരവധി യാത്രക്കാരും , കൊച്ചി യിലേക്കുള്ള ടിക്കറ്റ് തരപ്പെടുത്തിയാണ് യാത്ര തിരിച്ചത് എന്നും ടിക്കറ്റിന് വലിയ നിരക്കാണ് നൽകിയതെന്നും പല യാത്രക്കാരും അഭിപ്രായപ്പെട്ടു.