കരമന അഖിൽ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; കൊലപാതകം മുൻവൈരാഗ്യം കാരണം
കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് പ്രതികൾ. ഇവർ ലഹരിസംഘത്തിലെ ഗുണ്ടാ സംഘമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അഖിലും വിനീതും കൊലപാതക കേസുകളിലെ പ്രതികളാണ്. കരമന അനന്ദു കൊലപാതകത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.
പ്രതികൾ കേരളം വിട്ടുപകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. പ്രതികളെ വേഗം പിടികൂടണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. അതേസമയം കൊലരപാതകത്തിന് കാരണം മുൻവൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. എതിർ സംഘത്തിലെ ആളുകളെ അഖിൽ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു. തുടർന്നുണ്ടായ വൈരാഗ്യം മൂലം എതിർസംഘത്തിൽപ്പെട്ടയാളുകൾ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു.
കൊല്ലപ്പെട്ട അഖിലും പ്രതികളും ലഹരി സംഘത്തിലെ കണ്ണികളാണെന്ന് സ്ഥിരീകരിച്ചു. അഖിലിനെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആറു തവണ അഖിലിന്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിർത്താതെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അഖിൽ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മർദ്ദനം തുടരുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിൽ.