Sports

സെഞ്ച്വറിയുമായി നിറഞ്ഞാടി ഗില്ലും സായിയും; ചെന്നൈക്കെതിരെ ​ഗുജറാത്തിന് 35 റൺസ് ജയം

Spread the love

ഐപിഎഎല്ലിൽ ചെന്നൈക്കെതിരെ ​ഗുജറാത്തിന് 35 റൺസ് ജയം. അർധ സെഞ്ച്വറിയുമായി ഡാരിൽ മിച്ചലും (63) മുഈൻ അലിയും (56) ചേർന്ന് ചെന്നൈ സൂപ്പർ കിങ്സിനായി ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ത്തിൽ 196 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റെടുത്ത മോഹിത് ശർമയാണ് ചെന്നൈയുടെ നടുവൊടിച്ചത്. 35 റൺസിന്റെ വിജയം സ്വന്തമാക്കിയ ഗുജറാത്ത് പ്ലേ ഓഫിലേക്കുള്ള വിദൂര സാധ്യത നിലനിർത്തി. നിർണായക മത്സരത്തിലെ തോൽവി നിലവിൽ നാലാം സ്ഥാനത്തുള്ള ചെന്നൈയെ പ്രതിരോധത്തിലാക്കി.

ആദ്യം ബാറ്റിങിനിറങ്ങിയ ഗുജറാത്തിന്റെ ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്‌മാന്‍ ഗില്ലും ബാറ്റിംഗ് വിസ്ഫോടനം അഴിച്ചുവിടുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്റേയും (55 പന്തിൽ 104), സായ് സുദർശന്റേയും(51 പന്തിൽ 103) സെഞ്ച്വറി മികവിലാണ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 231ലേക്കെത്തിയത്. ഇരുവരും ചേർന്ന് ഓപ്പണിങിൽ ഐപിഎൽ ചരിത്രത്തിൽ റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ടാണ് (210) പടുത്തുയർത്തിയത്. കഴിഞ്ഞവർഷം കെഎൽ രാഹുലും ക്വിന്റൺ ഡി കോക്കും ചേർന്ന് കൂട്ടിചേർത്ത(210) പാർട്ണർഷിപ്പിനൊപ്പമെത്തി.

സ്വന്തം തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ആദ്യ ഓവർ മുതൽ ചെന്നൈ ബൗളർമാരെ തകർത്തടിച്ചു. ഇരുവരും ചേർന്ന് 13 സിക്‌സറും 14 ഫോറുമാണ് പറത്തിയത്. ചെന്നൈ നിരയിൽ തുഷാർ ദേശ്പാണ്ഡ്യെ രണ്ട് വിക്കറ്റുമായി തിളങ്ങി. സെഞ്ച്വറി നേടിയതിന് പിന്നാലെ സായ് സുദർശനാണ് ആദ്യം പുറത്തായത്. പിന്നാലെ ഗിലും മടങ്ങിയെങ്കിലും ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിങിൽ മികച്ച സ്‌കോർ നേടി.