Kerala

തന്നെ ബലിയാടാക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചു; പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതില്‍ പ്രമോദ് പെരിയ

Spread the love

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും പെരിയ മണ്ഡലം പ്രസിഡന്റുമായ പ്രമോദ് പെരിയ. തന്നെ ബലിയാടാക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചെന്ന് പ്രമോദ് പെരിയ പറഞ്ഞു.

തന്റെ ഫോട്ടോ മാത്രം പുറത്തുവന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീതയാണെന്ന് പ്രമോദ് ആരോപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തു. പ്രതി ഒഴികെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കോണ്‍ഗ്രസ് അനുഭാവികളാണ്. തന്നെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും പ്രമോദ് പെരിയ പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്. വിവാദമായതോടെ പ്രമോദിനെതിരെ കെപിസിസി നടപടിയെടുത്തു. പ്രമോദിനെ ചുമതലകളില്‍ നിന്ന് നീക്കി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന് പകരം ചുമതല നല്‍കുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്‌തെന്നതാണ് പ്രമോദ് പെരിയക്കെതിരെ പാര്‍ട്ടി കണ്ടെത്തിയ അച്ചടക്കലംഘനം.

യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം ജില്ലയില്‍ സിപിഐഎം നെതിരെ കോണ്ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാദമായതോടെ ബാലകൃഷ്ണന്റെ ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്നും പ്രമോദ് പെരിയ വ്യക്തമാക്കിയിരുന്നു.