ദേവദാസിനെ മദ്യലഹരിയില്‍ കൊലപ്പെടുത്തിയത് മകന്‍ തന്നെ; എകലൂരിലെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
കോഴിക്കോട് – എകരൂലിലെ ദേവദാസിന്റെ മരണം കൊലപാതകം. മകന്‍ അക്ഷയ് ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് യുവാവ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്.
തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ ആയിരുന്ന 28കാരനായ മകന്‍ പിതാവിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു. 61 കാരനായ ദേവദാസന്‍ തളര്‍ന്നുവീണതോടെ ആശുപത്രിയില്‍ എത്തിച്ചു. കട്ടിലില്‍ നിന്ന് വീണാണ് പിതാവിന് പരിക്കേറ്റത് എന്നാണ് അക്ഷയ് ദേവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ആരോഗ്യനില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും മകന്‍ അതിന് മുതിര്‍ന്നില്ല. പിന്നീട് മരണം സംഭവിക്കുകയും ചെയ്തു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, അക്ഷയ് ദേവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പിതാവിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അക്ഷയ് പൊലീസിന് മൊഴി നല്‍കി. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മകന്റെ മോശം സ്വഭാവത്തെ തുടര്‍ന്ന് അമ്മ മകള്‍ക്ക് ഒപ്പം മറ്റൊരു വീട്ടിലായിരുന്നു താമസം.