National

പോളിങ് വിവരങ്ങള്‍ കൃത്യമായി നല്‍കിയില്ല, വർഗീയ പരാമർശങ്ങൾ’; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ ഇന്ത്യ സഖ്യം

Spread the love

ദില്ലി: ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിങ് വിവരങ്ങള്‍ നല്‍കുന്നത് വൈകിക്കുന്നതും ബിജപെി നേതാക്കളുടെ വർഗീയ പരാമർശങ്ങളും ഉന്നയിച്ചാണ് സഖ്യം തെര‍ഞ്ഞെടുപ്പ് കമ്മീഷനെ കാണുക. വോട്ടിങ് വിവരങ്ങള്‍ കൃത്യമായി നല്‍കാത്തത് ഫലം അട്ടിമറിക്കാനുള്ള ശ്രമമാണെന്നത് അടക്കമുള്ള വിമർശനങ്ങള്‍ നേരത്തേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളില്‍ അടിയന്തര നടപടിയും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടേക്കും.

മാർച്ചില്‍ കെജ്രിവാളിന്‍റെ അറസ്റ്റ് ഉന്നയിച്ചും ഇന്ത്യ സഖ്യം കമ്മീഷനെ കണ്ടിരുന്നു. പോളിങ് ശതമാനം കൃത്യമായ നല്‍കിയില്ലെന്ന് ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. മൂന്നാംഘട്ട ലോക്സഭ തെര‍ഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നല്‍കാത്തതിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് അന്തിമ പോളിങ് കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയത്.

രണ്ടാംഘട്ടം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മാത്രവും പോളിങ് കണക്കുകള്‍ നല്‍കി. ഇത് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വൈകി വിവരങ്ങള്‍ കൈമാറുന്നതെന്നും ഖർഗെ കുറ്റപ്പെടുത്തി. വിഷയത്തില്‍ ഇന്ത്യ സഖ്യത്തിലുള്ള പാര്‍ട്ടികള്‍ക്ക് കത്ത് എഴുതിയ കോണ്‍ഗ്രസ് അധ്യക്ഷൻ, വിഷയത്തില്‍ കൂട്ടായ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തില്‍ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയ്ക്കുകയും ചെയ്തിരുന്നു.