ഹമാസിനെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു; പ്രൻസിപ്പളിനെ പുറത്താക്കി സ്കൂൾ മാനേജ്മെൻ്റ്; നേരിടുമെന്ന് പർവീൺ ഷെയ്‌ഖ്
ഹമാസ്-ഇസ്രയേൽ സംഘർഷത്തെ അടിസ്ഥാനമാക്കി സമൂഹമാധ്യമമായ എക്സിൽ പോസ്റ്റിട്ട മുംബൈയിലെ സൊമയ്യ സ്കൂൾ പ്രിൻസിപ്പൾ പർവീൺ ഷെയ്ഖിനെ മാനേജ്മെന്‍റ് പുറത്താക്കി. പോസ്റ്റിനെതിരെ വിമർശനങ്ങൾ ശക്തമായതിന് പിന്നാലെയാണ് ജോലിയിൽ നിന്ന് പുറത്താക്കിക്കൊണ്ട് മാനേജ്മെൻ്റ് നടപടി എടുത്തത്. എന്നാൽ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് പർവീൺ ഷെയ്ഖ് രംഗത്ത് വന്നു.
തങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണ് പർവീൺ ഷെയ്ഖിൻ്റെ സമൂഹ മാധ്യമത്തിലെ ഇടപെടലെന്ന് സൊമയ്യ വിദ്യാവിഹാർ പുറത്തുവിട്ട വിശദീകരണ കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ പൂർണമായും പിന്തുണക്കുന്നുവെന്നും എന്നാൽ ആ നിലപാടിനൊപ്പം ഉത്തരവാദിത്തങ്ങളും മറ്റുള്ളവരെ ബഹുമാനിക്കേണ്ടതുമുണ്ടെന്നും ഇതിൽ പറയുന്നു. വിഷയത്തിൻ്റെ ഗൗരവവും സശ്രദ്ധം വിലയിരുത്തിയതിൻ്റെയും അടിസ്ഥാനത്തിലാണ് പർവീൺ ഷെയ്ഖുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതെന്നും സ്കൂൾ മാനേജ്മെൻ്റ് വ്യക്തമാക്കി. ഉയർന്ന മൂല്യബോധവും എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസുമുള്ള സമൂഹത്തെ വളർത്തിയെടുക്കേണ്ടതുണ്ടെന്നും സ്കൂൾ മാനേജ്മെൻ്റ് വിശദീകരണക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ഒപ്ഇന്ത്യ എന്ന ഓൺലൈൻ മാധ്യമത്തിൽ നേരത്തെ പർവീൺ ഷെയ്ഖിൻ്റെ സമൂഹ മാധ്യമത്തിലെ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ പോസ്റ്റുകൾ പലസ്തീനെ പിന്തുണക്കുന്നതും ഹമാസിനോട് ഐക്യപ്പെടുന്നതുമാണ്. ഏപ്രിൽ 24 ന് പോസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ പർവീണുമായി മാനേജ്മെന്‍റ് വിഷയം ചർച്ച ചെയ്തു. ഏപ്രിൽ 26 ന് തന്നെ ഇവരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിക്കാട്ടി രാജിവെക്കില്ലെന്ന് ഇവർ നിലപാടെടുത്തു. പിന്നീട് മെയ് നാലിന് സ്കൂൾ മാനേജ്മെൻ്റ് പർവീണിനോട് വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ 12 വർഷമായി പർവീൺ ഷെയ്ഖ് ഈ സ്കൂളിൽ അധ്യാപികയാണ്. ഏഴ് വർഷമായി പ്രിൻസിപ്പളുമാണ്. എന്നാൽ തന്നെ പുറത്താക്കിയ വിവരം സമൂഹ മാധ്യമത്തിലൂടെയാണ് അറിഞ്ഞതെന്നും ആ നോട്ടീസ് നേരിട്ട് തനിക്ക് ആദ്യം നൽകാൻ മാനേജ്മെന്‍റ് തയ്യാറായില്ലെന്നും പർവീൺ വിമർശിച്ചു. പുറത്താക്കിയ നടപടി തീർത്തും നിയമവിരുദ്ധമാണ്. തനിക്കെതിരായ നുണപ്രചാരണത്തിൻ്റെ ഭാഗമാണ് ഈ നടപടി. സ്കൂൾ പ്രിൻസിപ്പളെന്ന നിലയിൽ തൻ്റെ പ്രവർത്തനം മികച്ചതായിരുന്നുവെന്നും ഇത്തരമൊരു കാരണത്തിൻ്റെ പേരിൽ തന്നെ പുറത്താക്കുന്നത് തെറ്റും അനീതിയുമാണെന്നും അവർ പറഞ്ഞു.
സ്കൂളിൻ്റെ വളർച്ചയ്ക്ക് സഹായകരമായ തൻ്റെ 12 വർഷത്തെ ആത്മാർത്ഥതയും കഠിനാധ്വാനവും ആത്മാർപ്പണവവും പരിഗണിച്ച് തനിക്കൊപ്പം നിൽക്കേണ്ട മാനേജ്‌മെൻ്റാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും പർവീൺ വിമർശിച്ചു. നീതിന്യായ വ്യവസ്ഥിതിയിലും ഇന്ത്യൻ ഭരണഘടനയിലും പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞ അവർ മാനേജ്മെൻ്റിൻ്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും വ്യക്തമാക്കി.