ഇ.പിക്ക് എൽഡിഎഫിൽ അസ്വസ്ഥത; ബിജെപിയിൽ ചേരാത്തതിൽ ഖേദമുണ്ടായിരുന്നു; പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശോഭാ സുരേന്ദ്രൻ
ഇ പി ജയരാജൻ ബിജെപിയിൽ ചേരുന്നതിൽ നിന്ന് പിന്മാറിയതിൽ ഖേദമുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ.
പിന്മാറിയതിന് ശേഷം ഇപിയെ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. എൽ ഡി എഫിൽ അസ്വസ്ഥതയുള്ളതു കൊണ്ടാകാം ഇ പി ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. താൻ പറഞ്ഞു കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും പുതിയതായി ഒന്നും പറയാനില്ലെന്നും ശോഭ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എനിക്കെതിരെയുള്ള ആരോപണങ്ങൾ നന്ദകുമാറിന്റെ മാത്രം പദ്ധതിയല്ല. നന്ദകുമാറിനെക്കൊണ്ട് ഇ പി പറയിപ്പിക്കുകയാണ്. രാമനിലയത്തിൽ മന്ത്രി കെ രാധാകൃഷ്ണനുണ്ടായിരുന്നു. ബി ജെ പി സംസ്ഥാന നേതൃത്വത്തിന് ഇതിൽകൂടുതലൊന്നും വിശദീകരണം നൽകാനില്ല. ഇപി ജയരാജൻ പറഞ്ഞ കാര്യങ്ങളെല്ലാം കളവാണ്. ഇ പി ആവശ്യപ്പെട്ടിട്ടാണ് രാമനിലയത്തിൽ ചർച്ച തീരുമാനിച്ചത്. ഒമ്പത് നേതാക്കളുമായി താൻ ചർച്ച നടത്തിയിട്ടുണ്ട്.അതിൽ കോൺഗ്രസിന്റെ എട്ട് വലിയ നേതാക്കളുണ്ട് ഫോൺ സംഭാഷണം കേട്ടതിന് ശേഷമാണ് ഇ പി ക്ക് ബി ജെ പിയിലെത്താൻ താൽപ്പര്യമുണ്ടെന്ന് ഞാൻ പോലും മനസ്സിലാക്കിയത്. ജയരാജന്റെ മകൻ ഇങ്ങോട്ടാണ് ബന്ധപ്പെട്ടത്. അതിനുള്ള തെളിവുകളുണ്ട്.
ദേശീയ നേതാക്കളുമായി ഞാനിരിക്കുന്ന ചിത്രം ഇ പി ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ദേശീയ തലത്തിലെ സ്വാധീനം മനസ്സിലാക്കാനാകാം അങ്ങനെ ആവശ്യപ്പെട്ടത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് ഇ പിയെക്കാൾ ജൂനിയറാണ്. അദ്ദേഹം പാർട്ടി സെക്രട്ടറിയായതിൽ അമർഷമുള്ളതു കൊണ്ടാണ് ഇ പി പാർട്ടി വിടുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്’. ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇ പി ജയരാജന്റെ വാക്കുകളെ കണ്ടത് സത്യസന്ധമായിട്ടാണെന്ന് പറഞ്ഞ ശോഭ, എൽ ഡി എഫിൽ ചേരുമെന്ന നന്ദകുമാറിന്റെ ആരോപണം തള്ളുന്നുവെന്ന് പ്രതികരിച്ചു. താൻ എൽഡിഎഫിലേക്ക് പോകുമെന്ന നന്ദകുമാറിന്റെ ആരോപണം അവജ്ഞയോടെ തള്ളുന്നു. എൽ ഡി എഫ് നേതാക്കൾ ഫ്രോഡ് എന്ന വിളിച്ച നന്ദകുമാറിനെ ഒരിക്കലും ഇ പി ജയരാജനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ശോഭ പറഞ്ഞു.