ആത്മാവിന്റെ ആനന്ദം ശരീരത്തിലൂടെ പ്രവഹിക്കുന്ന സുന്ദരനിമിഷങ്ങളില്‍ ആടിത്തിമിര്‍ക്കാം; ഇന്ന് അന്താരാഷ്ട്ര നൃത്തദിനം
ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനമാണ്. പക്ഷികളും മൃഗങ്ങളും മനുഷ്യരുമെല്ലാം നൃത്തം ചെയ്യുന്ന ലോകമാണ് നമ്മുടേത്. ലോകത്തെ എല്ലാ വിഭാഗം നൃത്തങ്ങളേയും ആഘോഷിക്കുന്നതിനാണ് അന്താരാഷ്ട്ര നൃത്തദിനം ആചരിക്കുന്നത്.
എല്ലാ സമൂഹങ്ങളിലും സംസ്‌കാരങ്ങളിലും തനതായ നൃത്തമുണ്ട്. നൃത്തം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. ബാലെ, ഹിപ്പ് ഹോപ്പ്, ജാസ്, ടാംഗോ, നാടോടിനൃത്തം, സല്‍സ, കഥക്, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, കുച്ചിപ്പുഡി തുടങ്ങി എത്രയെത്ര നൃത്തരൂപങ്ങളാണ് നമുക്കുള്ളത്. സംഗീതത്തിന്റെ അകമ്പടിയോടു കൂടിയ താളാത്മകമായ ചടുല ചലനങ്ങളില്‍ ആകൃഷ്ടരാകാത്തവരുണ്ടാകുമോ?
വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകാത്ത ആഴത്തിലുള്ള വികാരങ്ങളെ ആവിഷ്‌ക്കരിക്കാന്‍ നൃത്തത്തിനല്ലാതെ മറ്റൊന്നിനുമാവില്ല. ശരീരവും ആത്മാവും തമ്മിലുള്ള ആശയവിനിമയമാണത്. ഫ്രഞ്ച് ബാലെ നര്‍ത്തകനായ ജീന്‍ ജോര്‍ജ് നോവറെയുടെ ജന്മദിനമാണ് അന്താരാഷ്ട്ര നൃത്തദിനമായി ആചരിക്കുന്നത്. യുനെസ്‌കോയുടെ പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ പ്രധാന പങ്കാളിയായ ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡാന്‍സ് കമ്മിറ്റിയാണ് ഏപ്രില്‍ 29 നൃത്തദിനമായി ആഹ്വാനം ചെയ്തത്.
ജീവന്റെ ഉന്മത്ത നൃത്തവേദിയാണ് ഭൂമി. മനുഷ്യന്‍ മാത്രമല്ല പക്ഷികളും മൃഗങ്ങളുമെല്ലാം നൃത്തം ചെയ്യുന്നു. കാറ്റിന്റെ കരങ്ങളില്‍ സസ്യജാലങ്ങള്‍ നൃത്തം ചെയ്യുന്നു. ജീവിതങ്ങളെ ആനന്ദഭരിതമാക്കുന്ന ചടുലമായ ചലനങ്ങളാണവ. ഹൃദയഹാരിയായ നര്‍ത്തനങ്ങള്‍ ഭൂമിയെ കൂടുതല്‍ പ്രകാശഭരിതമാക്കുന്നു. നൃത്തം തുടരട്ടെ…