മരുന്നു പരീക്ഷണ കേന്ദ്രമായി ഇന്ത്യ മാറുന്നു, കൂടുതൽ കുത്തകകൾ രാജ്യത്തേക്ക്: വിദഗ്ധർ
കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്ത് ക്ലിനിക്കൽ പരീക്ഷണങ്ങൾ വളരെ എളുപ്പമുള്ളതും, കൂടുതൽ സ്വീകാര്യവും കൂടുതൽ വേഗമേറിയതുമായി മാറിയെന്ന് ഫാർമ സെക്ടറിൽ നിന്നുള്ള വിദഗ്ധർ. അന്താരാഷ്ട്ര കുത്തക കമ്പനികൾക്ക് പ്രിയപ്പെട്ട വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നും ഇവർ അഭിപ്രായപ്പെടുന്നു. 2017 – 2023 കാലത്തെ കണക്കുകളാണ് ഇതിന് ആധാരമായി ചൂണ്ടിക്കാണിക്കുന്നത്. ഫെയ്സ് ടു, ഫെയ്സ് ത്രീ ക്ലിനിക്കൽ പരീക്ഷണങ്ങൾ 15 ശതമാനത്തിൽ നിന്ന് 18% വളർച്ച നേടി എന്ന് കണക്കുകൾ സമർത്ഥിക്കുന്നു . ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 ൽ വരുത്തിയ 10 ഭേദഗതികളാണ് ഈ മാറ്റത്തിന് പ്രധാന കാരണമായതെന്ന് നോവർട്ടിസ് ഗ്ലോബൽ ക്ലിനിക്കൽ ഓപ്പറേഷൻസ് തലവൻ ബദ്രി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്ന് കമ്പനികളിൽ ഒന്നാണ് നോവർട്ടിസ്. 2022ലെ വരുമാന കണക്കുകൾ പ്രകാരം ലോകത്ത് നാലാം സ്ഥാനത്തുള്ള മരുന്ന് കമ്പനി കൂടിയാണ് ഇവർ. ആഗോള സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് ഇന്ത്യയിലും ക്ലിനിക്കൽ പരീക്ഷണങ്ങൾ കൂടുതൽ നടത്താനും വേഗത്തിൽ പൂർത്തിയാക്കാനുമുള്ള നയങ്ങളാണ് സർക്കാർ തലത്തിൽ കൈക്കൊള്ളുന്നത്. യു എസ് എ – ഇന്ത്യ ചേംബർ ഓഫ് കോമേഴ്സിന്റെ ബോസ്റ്റണിൽ നടന്ന പതിനെട്ടാമത് വാർഷിക ബയോഫാർമ & ഹെൽത്ത് കെയർ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബദ്രി ശ്രീനിവാസൻ.
രാജ്യത്ത് ആരോഗ്യ മേഖലയിൽ കൂടുതൽ ആധുനികവൽക്കരണം നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ കൂടുതൽ സുതാര്യവും, നിലവാരവും എളുപ്പത്തിലും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കഴിയും. എത്തിക്സ് കമ്മിറ്റികൾക്ക് എന്ത് ചെയ്യാനാവും, നഷ്ടപരിഹാരം എങ്ങനെയാവണം തുടങ്ങിയ കാര്യങ്ങളിലും ആധുനികവൽക്കരണം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആശുപത്രി ശൃംഖലകളും, ആശുപത്രി നെറ്റ്വർക്കുകളും ഈ ആധുനികവൽക്കരണത്തിന്റെ ഭാഗമാകുന്നുണ്ട്. രാജ്യത്തെ 70% രോഗികളും സ്വകാര്യ ആശുപത്രി നെറ്റ്‌വർക്കിന്റെ ഭാഗമാണ്. പ്രധാന നഗരങ്ങൾക്ക് പുറമേ, രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിലുള്ള നഗരങ്ങളിലേക്ക് കൂടി ആശുപത്രി നെറ്റ്‌വർക്കുകൾ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ രോഗികളുടെ വിവരങ്ങൾ ഈ നെറ്റ്‌വർക്കിന്റെ ഭാഗമാകും. ഇതെല്ലാം ഇന്ത്യയെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമാക്കി ഇന്ത്യയെ മാറ്റിയിട്ടുണ്ടെന്നും ബദർ ശ്രീനിവാസൻ പറയുന്നു. എന്നാൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഇപ്പോഴും ഇന്ത്യയിൽ പല തടസ്സങ്ങളുമുണ്ടെന്നും പല കാര്യങ്ങളിലും ഇന്ത്യ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെയും ഇന്ത്യയിലെയും ഫാർമ സെക്ടറിലെ പ്രമുഖരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.