രണ്ട് സംസ്ഥാനങ്ങളിലായി സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ട; 300 കോടിയുടെ രാസ ലഹരി പിടിച്ചെടുത്ത് എൻ.സി.ബി
അഹ്മദാബാദ്: ഗുജറാത്തിലും രാജസ്ഥാനിലുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ വൻ ലഹരിവേട്ട. മൂന്നിടങ്ങളിലായി നടന്ന റെയ്ഡിൽ 300 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ലഹരി സംഘത്തിലെ ഏഴുപേരെ പിടികൂടിയ പോലീസ്, മുഖ്യപ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി.
നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സമീപ കാലത്തെ വലിയ ലഹരി വേട്ടകളിലൊന്നാണ് ഗുജറാത്തിലും രാജസ്ഥാനിലുമായി നടന്നത്. മൂന്നിടങ്ങളിലായി നടന്ന റെയ്ഡിൽ പിടിച്ചെടുത്തത് 300 കോടി വില വരുന്ന രാസ ലഹരി. സംഭവ സ്ഥലത്തു നിന്നും ഏഴ് പ്രതികളെയും അന്വേഷണ സംഘം പിടികൂടി. ഒളിവിലുളള ലഹരി സംഘത്തിന്റെ തലവനെ തിരിച്ചറിഞ്ഞതായാണ് സൂചന. ഓപ്പറേഷൻ പ്രയോഗ് ശാല എന്ന് പേരിട്ട ദൗത്യത്തിൽ ഭീകരവിരുദ്ധ സേനയും പങ്കാളികളായി.
രാജസ്ഥാനിലെ രണ്ടിടങ്ങളിലും ഗുജറാത്തിലെ ഒരിടത്തുമായി വലിയ ലാബുകളാണ് സംഘം സജ്ജമാക്കിയത്. ഇവിടെ നിന്നും പൊടിയായും ദ്രാവക രൂപത്തിലും സൂക്ഷിച്ചിരുന്ന 149 കിലോ മെഫഡ്രോണ്, 50 കിലോ എഫെഡ്രിൻ, 200 ലിറ്റർ അസെറ്റോണ് എന്നിവയാണ് പിടിച്ചെടുത്തത്. ലഹരി വിതരണത്തിനായി സംഘം രാജ്യത്തുടനീളം വലിയ ശൃംഖല രൂപീകരിച്ചതായാണ് നിഗമനം. വരും ദിവസങ്ങളിൽ പ്രതികളുടെ സാമ്പത്തിക സ്രോതസും അന്താരാഷ്ട്ര ബന്ധവും അന്വേഷിക്കും, ചോദ്യം ചെയ്തതിൽ നിന്നും സംഘത്തിന്റെ നാലാമത്തെ ലഹരി നിർമ്മാണ യൂണിറ്റിനെ കുറിച്ച് വിവരം ലഭിച്ചതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.