Kerala

മൂന്നാറിലെ ജനവാസമേഖലയിൽ വിഹരിച്ച് കടുവക്കൂട്ടം; തെയിലത്തോട്ടത്തിലൂടെ കടുവകൾ ഒന്നിനുപിന്നാലെ ഒന്നായി പോകുന്ന ദൃശ്യങ്ങൾ പകർത്തിയത് തോട്ടം തൊഴിലാളികൾ

Spread the love

മൂന്നാറിൽ ജനവാസമേഖലയിൽ കടുവാക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിൽ മൂന്ന് കടുവകളാണ് എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവക്കൂട്ടം എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

തെയിലത്തോട്ടത്തിനടുത്ത് കൂടി കടുവകൾ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. നിരവധി തോട്ടം തൊഴിലാളികൾ പണിയെടുക്കുന്ന പ്രദേശം കൂടിയാണിതെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വനംവകുപ്പ് അടിയന്തരമായി നടപടിയെടുത്ത് കടുവാക്കൂട്ടത്തെ തുരത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പകൽസമയത്താണ് കടുവകൾ തെയിലതോട്ടങ്ങളിൽ വിഹരിക്കുന്നത്. രാവിലെ ആറ് മണിമുതൽ തോട്ടം തൊഴിലാളികൾ ഇവിടെ എത്താറുള്ളതാണ്. തോട്ടം തൊഴിലാളികൾ തന്നെയാണ് കടുവകളുടെ ദൃശ്യങ്ങൾ പകർത്തിയത്. കടുവകൾ തങ്ങളുടെ വളർത്തുമൃ​ഗങ്ങളെ കൊല്ലുമ്പോൾ കൃത്യമായി നഷ്ടപരിഹാരം പോലും ലഭിക്കാറില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.