പാട്ടുപാടി വോട്ടുതേടി ജാസി; കെ.രാധാകൃഷ്ണന് വേണ്ടി ആലത്തൂരിൽ പ്രചാരണം
പാടിയ പാട്ടുകൾ പോലെ തന്നെ ഇലക്ഷൻ കാലത്ത് പ്രചാരണത്തിന് എത്തുന്ന വേദികളും സൂപ്പർ ഹിറ്റ് ആക്കുകയാണ് ഗായകൻ ജാസി ഗിഫ്റ്റ്. ഇന്നലെ രാത്രി പാലക്കാട് കുഴൽമന്ദത്താണ് ജാസി ഗിഫ്റ്റ് ഇലക്ഷൻ പ്രചരണത്തെ ആഘോഷമാക്കി മാറ്റിയത്. ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി രാധാകൃഷ്ണന് വോട്ട് തേടിയാണ് ഗായകൻ ജാസി ഗിഫ്റ്റ് തിരുവനന്തപുരത്ത് നിന്ന് പാലക്കാട് എത്തിയത്. വോട്ട് തേടി കുഴൽമന്ദത്തെ വേദിയിൽ എത്തിയ ജാസി ഗിഫ്റ്റ് പാട്ടിലാണ് തുടങ്ങിയത്.
പ്രായവും തലമുറ വ്യത്യാസങ്ങളും മറന്ന് കൊച്ചു കുട്ടികൾ മുതൽ 80 വയസ്സിലേറെ പ്രായമായ അമ്മൂമ്മമാർ വരെ പാട്ടിനൊത്ത് ചുവടുവെച്ചു. പ്രായം കൂടുന്തോറും ഡാൻസിന്റെ സ്റ്റൈലും കൂടുമെന്ന് രീതിയിലായിരുന്നു ചിലരുടെയൊക്കെ ഡാൻസ്. അന്നക്കിളിക്കും ലജ്ജാവതിക്കും ഒക്കെ കുട്ടികളും യുവതികളും കൂട്ടമായി ചൂടുവെച്ച് തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രചരണവേദി ജാസി ഗിഫ്റ്റ് കൈയടക്കി. ജാസിയുടെ സ്വാധീനം തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാക്കിയ ഊർജ്ജം കൂടുതൽ വേദികളിലേക്ക് പകരാനാണ് ഇടതുമുന്നണി നേതാക്കളുടെയും തീരുമാനം.