ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി; പ്രതികരണം കട്ടിലിൽ കിടന്നുകൊണ്ട്; മാസപ്പടി കേസിൽ ശശിധരൻ കർത്തയ്ക്കെതിരെ ഇ.ഡി
മാസപ്പടി കേസിൽ ഇഡി അന്വേഷണവുമായി സഹകരിക്കാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെന്നും ചോദ്യങ്ങളിൽ നിന്നും കർത്ത ഒഴിഞ്ഞു മാറിയെന്നുമാണ് ഇ.ഡി ആരോപണം. കട്ടിലിൽ കിടന്നുകൊണ്ടാണ് ശശിധരൻ കർത്ത ഇഡിയുടെ ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത്. മൊഴിയെടുത്ത പേപ്പറുകളിൽ ഒപ്പിടാതെ കൈവിരൽ രേഖ പതിച്ചു നൽകി. ഒപ്പിടുന്നതിന് പോലും ആരോഗ്യപ്രശ്നമെന്ന് മറുപടി നൽകുകയാണ് ചെയ്തതെന്നും ഇഡി ആരോപിക്കുന്നു.
ശശിധരൻ കർത്ത ചോദ്യം ചെയ്യലിന് തലേ ദിവസം ഒപ്പിട്ട ചെക്ക് ലീഫുകൾ ഇഡി പിടിച്ചെടുത്തു. കർത്ത ആരോഗ്യപ്രശ്നമുള്ളതായി അഭിനയിക്കുകയാണെന്നാണ് ഇഡി സംശയം. കർത്തയെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം മാസപ്പടി കേസിൽ ഇഡി ചെന്നെ ഹെഡ്കോർട്ടേഴ്സിനാണ് പൂർണ നിയന്ത്രണം. സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ മേൽനോട്ടച്ചുമതല വഹിക്കും. കേരളത്തിലെത്തി സ്പെഷ്യൽ ഡയറക്ടർ നടപടികൾ വേഗത്തിലാക്കി. രണ്ട് ദിവസം കേരളത്തിൽ തങ്ങി അന്വേഷണം വിലയിരുത്തിയാണ് മടക്കം.