‘സൈന്യത്തിന് നിർദേശം നൽകിയാൽ സംഘർഷം അവസാനിക്കും’; മണിപ്പൂർ സംഘർഷത്തിൽ മോദിക്കെതിരെ രാഹുൽ
ദില്ലി: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. ഇന്ത്യൻ പ്രധാനമന്ത്രി സൈന്യത്തിന് നിർദ്ദേശം നൽകിയാൽ മൂന്നു ദിവസം കൊണ്ട് മണിപ്പൂർ സംഘർഷം അവസാനിക്കും. എന്നാൽ പ്രധാനമന്ത്രി അത് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യത്തെ അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ മണിപ്പൂരിനെയടക്കം കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചു. കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ബിജെപിക്കെതിരെ ഒന്നും പറയുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തൽ. ബിജെപി കേരളത്തിൻ്റെ മുഖ്യമന്ത്രിയെ എതിർക്കുകയോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുന്നില്ലെന്നും അക്കാര്യത്തിൽ അതിശയം തോന്നുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ 2 മുഖ്യമന്ത്രിമാർ ജയിലിലാണ്. ഇഡി നിങ്ങളുടെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കോട്ടയം തിരുനക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.