Friday, February 13, 2026
Latest:
Kerala

രാജ്യത്തെ പ്രശ്നങ്ങളറിയാൻ വണ്ടിയുമെടുത്ത് പുറത്തിറങ്ങി പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങിവന്നാൽ മതി : രമേശ് പിഷാരടി

Spread the love

ചിരിപ്പിച്ചും ചിന്തിപ്പിച്ചും വോട്ടർമാരെ കയ്യിലെടുക്കാൻ നടൻ രമേഷ് പിഷാരടിയെ രംഗത്തിറക്കി യുഡിഎഫ്. ആലപ്പുഴയിൽ സ്ത്രീകൾ പങ്കെടുത്ത സംവാദത്തിലും മഹിളാ ന്യായ് കൺവെൻഷനിലുമാണ് യുഡിഎഫ് സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം രമേശ്‌ പിഷാരടി എത്തിയത്. രാജ്യത്തെയും സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വേണ്ടി പ്രചരണം നടത്തിയ രമേഷ് പിഷാരടി ഇത്തവണയും രാഷ്ട്രീയം മറച്ചുപിടിക്കാതെ UDF ന് വോട്ടുതേടി എത്തി. പതിവ് ശൈലിയിൽ നർമ്മം കലർത്തിയുള്ള പ്രസംഗമായിരുന്നു രമേഷ് പിഷാരടിയുടേത്. രാജ്യത്തെ പ്രശ്നങ്ങളറിയാൻ വണ്ടിയുമെടുത്ത് പുറത്തിറങ്ങി പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങിവന്നാൽ മതിയെന്ന് രമേഷ് പിഷാരടി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ എങ്ങനെ സ്ത്രീകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് വിശദീകരിച്ചായിരുന്നു കെ.സി വേണുഗോപാലിന്റെ വോട്ടുതേടൽ. എഐസിസി സംഘടന ജനറൽ സെക്രട്ടറി മത്സരിക്കുന്ന ആലപ്പുഴയിൽ കോൺഗ്രസ് പോഷക സംഘടനകൾ എല്ലാംതന്നെ പ്രചാരണരംഗത്ത് മുൻനിരയിലുണ്ട്.