Kerala

ബോംബ് സ്‌ഫോടനം നടന്നത് BJP പ്രവർത്തകന്റെ വീട്ടിൽവച്ച്; സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ല; പി ജയരാജൻ

Spread the love

പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പി ജയരാജൻ. പാനൂർ സ്‌ഫോടനത്തിൽ മരിച്ചവരുടെ വീട്ടിൽ സന്ദർശനം നടത്തിയിട്ടില്ലെന്ന് പി ജയരാജൻ. ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലോ സുഹൃത്ത് ബന്ധത്തിന്റെ അടിസ്ഥാനത്തിലോ ആരെങ്കിലും മരിച്ചവരുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിൽ സിപിഐഎം എന്തിനാണ് മറുപടി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സ്ഫോടനത്തിൽ പരുക്കേറ്റവർ പാർട്ടി പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണെന്ന് പി ജയരാജൻ പറഞ്ഞു. സ്ഫോടനം സംബന്ധിച്ച് സമ​ഗ്ര അന്വേഷണം വേണമെന്നും ഒരു ബിജെപി പ്രവർത്തകന്റെ വീട്ടിൽ വെച്ചാണ് സ്ഫോടനെ നടന്നതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. വീടിന്റെ ഉടമസ്ഥനായ ബിജെപി പ്രവർത്തകനാണ് പരിക്കേറ്റവരെല്ലാം സിപിഐഎം പ്രവർത്തകനാണെന്ന് പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാനൂർ ബോംബ് സ്‌ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കൾ സന്ദർശിച്ചിരുന്നതായി വാർത്ത വന്നിരുന്നു. ഇതിലായിരുന്നു പി ജയരാജന്റെ പ്രതികരണം. പാനൂർ ഏരിയ കമ്മിറ്റിയംഗം സുധീർകുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. പാനൂർ കൈവേലിക്കൽ മുളിയത്തോട് സ്വദേശി വിനീഷിന്റെ വീടിന് സമീപം നിർമ്മാണത്തിൽ ഇരിക്കുന്ന മറ്റൊരു വീടിന്റെ ടെറസിലായിരുന്നു ബോംബ് സ്‌ഫോടനമുണ്ടായത്.

ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ വിനീഷിന്റ കൈപ്പത്തി ചിതറിത്തെറിച്ചു. ഷെറിന്റെ മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പരുക്കേറ്റു. ചികിത്സയിലിരിക്കെയാണ് ഷെറിൻ മരണത്തിന് കീഴടങ്ങിയത്. വിനീഷിന്റെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്.