National

നികുതിയടച്ച് കോൺഗ്രസ് പാപ്പരാകും? കൈയ്യിലുള്ളതിൻ്റെ ഇരട്ടിയടക്കാൻ നോട്ടീസ്, ഐടി നടപടി ഇനിയും തുടരും

Spread the love

ആസ്തിയുടെ ഇരട്ടിയോളം തുക നികുതിയായി അടക്കാൻ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ നിലനിൽപ്പ് പോലും അപകടത്തിലായി. 1430 കോടി രൂപയുടെ മൊത്തം ആസ്തിയുള്ള കോൺഗ്രസിനോട് ഇതിൻ്റെ ഇരട്ടിയോളം തുക നികുതിയായി അടക്കാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് വർഷത്തെ നികുതിയായി 1823 കോടി രൂപ അടക്കാൻ നോട്ടീസ് ലഭിച്ച കോൺഗ്രസിന് ഇനിയും മൂന്ന് വർഷത്തേക്കുള്ള നോട്ടീസ് കൂടി ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിൽ ആദായ നികുതി വകുപ്പ് നടപടി തുടരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാപ്പരാകുമോയെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ സ്ഥിതിയിൽ കോൺഗ്രസ് 2500 കോടി രൂപ നികുതിയായി അടക്കേണ്ടി വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. 2023-24 വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ കോൺഗ്രസ് വ്യക്തമാക്കിയത് തങ്ങളുടെ കൈവശം പണമായി 388 കോടി രൂപയും നെറ്റ് ആസ്തി 340 കോടിയും ഒപ്പം നീക്കിയിരുപ്പായി 657 കോടി രൂപയും ഉണ്ടെന്നാണ്. ഇത് സത്യമെങ്കിൽ 2500 കോടി രൂപയുടെ നികുതി നോട്ടീസ് കോൺഗ്രസിന് താങ്ങാവുന്നതിലും ഏറെയായിരിക്കും. റിക്കവറി നടപടികളുമായി മുന്നോട്ട് പോകാതിരിക്കാൻ അടക്കാനുള്ള തുകയും 20 ശതമാനം വേഗം അടയ്ക്കാനാണ് ഇൻകം ടാക്സ് വകുപ്പ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആദായ നികുതി വകുപ്പിൻ്റെ നോട്ടീസിനെതിരെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് കോൺഗ്രസിന് ആശ്വാസമൊന്നും ലഭിച്ചിരുന്നില്ല. ഇനി സുപ്രീം കോടതി നടപടിയിലാണ് കോൺഗ്രസിൻ്റെ പ്രതീക്ഷ. 1993-94, 2016-17, 2017-18, 2018-19, 2019-20 വർഷങ്ങളിലെ ആദായത്തിന് മേലാണ് ഇതുവരെ കോൺഗ്രസിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതിൽ തന്നെ 2018-19 കാലത്തേക്ക് മാത്രമായാണ് 918 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചത്. രാജ്യത്ത് രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയ പൊതുതെരഞ്ഞെടുപ്പ് നടന്നത് 2019 ലാണ്. എന്നാൽ ആദായ നികുതി വകുപ്പ് ഇവിടെയും നടപടി അവസാനിപ്പിക്കില്ല. വരും ദിവസങ്ങളിൽ 2014-15, 2015-16, 2020-21 സാമ്പത്തിക വർഷങ്ങളിലേക്കുള്ള നികുതി കൂടി ആദായ നികുതി വകുപ്പ് അടക്കാൻ ആവശ്യപ്പെടും. 2019 ൽ കോൺഗ്രസിന് 520 കോടി രൂപയോളം സംഭാവന നൽകിയ രണ്ട് കമ്പനികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഈ നടപടികൾ വരുന്നത്. കോൺഗ്രസിനെതിരെ ആദായ നികുതി നിയമത്തിലെ ഗുരുതര വകുപ്പായ 13(A) ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ കേസിൽ നിന്ന് തലയൂരിയെടുക്കുക പാർട്ടി നേതൃത്വത്തെ സംബന്ധിച്ച് എളുപ്പവുമല്ല.