തമാശ റീല്‍ കണ്ട് പ്രണയത്തിലേക്ക്; 80കാരനെ വിവാഹം കഴിച്ച് 34കാരി
സോഷ്യല്‍ മിഡിയ വഴിയുള്ള പ്രണയകഥകള്‍ നാം ധാരാളം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മിഡിയ വഴി പരിചയപ്പെട്ട എണ്‍പതുകാരനുമായി പ്രണയത്തിലായ 34കാരിയുടെ വിവാഹ വാര്‍ത്തയാണ് വൈറല്‍. മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീലയും(34) മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമും ആണ് വിവാഹം കഴിച്ചത്.
സോഷ്യല്‍ മിഡിയയില്‍ സജീവമായിരുന്ന ബാലുറാം തന്റെ സുഹൃത്തായ വിഷ്ണു ഗുജ്ജാറിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യാറുണ്ടായിരുന്നു. തമാശ റീലുകളായിരുന്നു അവ. ഇതില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാം വഴി ബാലുറാമുമായി പരിചയപ്പെട്ടു. ഇത് പ്രണയത്തിലേക്കെത്തി.
അഗര്‍ മാള്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തിലാണ് ബാലുറാം ജനിച്ചത്. 2 വര്‍ഷം മുമ്പ് കടുത്ത വിഷാദത്തിലായിരുന്നു. ബാലുറാമിന് ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. ഓരോരുത്തരും വിവാഹിതരായി ഇപ്പോള്‍ വെവ്വേറെയാണ് താമസിക്കുന്നത്. ഭാര്യ മരിച്ചു.
ഭാര്യ മരിച്ചതോടെ ബാലുറാം വിഷാദത്തിലേക്കായി. ഈ സമയം ചായക്കടയിലായിരുന്നു ജോലി. ഈ സമയം ഇവിടേക്ക് വിഷ്ണു ഗുജ്ജാര്‍ എന്നയാള്‍ സഹായത്തിനെത്തി. വിഷ്ണു ആണ് ബാലുറാമിനെ റീല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. തമാശകള്‍ ചെയ്ത് റീലിലൂടെ ബാലുറാം നിരവധി ഫോളേവേഴ്‌സിനെ നേടി. നാട്ടില്‍ ബാലുബാ എന്നാണ് അറിയപ്പെട്ടത്. ഇതിനിടെ പതിയെ വിഷാദാവസ്ഥയില്‍ നിന്ന് ബാലുറാം കരകയറിത്തുടങ്ങി. ഷീലയുമായി പരിചയപ്പെട്ടതോടെ സ്മാര്‍ട്ട് ഫോണില്‍ ബാലുവിനെ ചാറ്റ് ചെയ്യാന്‍ സഹായിച്ചതും വിഷ്ണുവാണ്. പ്രണയം പൂത്തതോടെ ഷീല വീടുവിട്ടിറങ്ങി വന്നാണ് ബാലുവിനെ വിവാഹം കഴിച്ചത്. ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ക്ഷേത്രത്തില്‍ വച്ച് ആചാരപ്രകാരവും വിവാഹിതരായി.