National

ചൂട് കൂടുന്നു, പ്രകൃതിദത്ത കൈത്തറി വസ്ത്രങ്ങൾ ധരിച്ച് രാം ലല്ല; ചിത്രങ്ങൾ പങ്കുവച്ച് ട്രസ്‌റ്റ്

Spread the love

ചൂട് കൂടുന്നതിനാൽ പ്രകൃതിദത്ത കോട്ടൺ കൈത്തറി വസ്ത്രങ്ങൾ ധരിച്ച രാം ലല്ലയുടെ ചിത്രങ്ങൾ വൈറലാകുന്നു. ശ്രീറാം ട്രസ്റ്റാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു.

വേനൽക്കാലത്തിൻ്റെ വരവോടെയും താപനില കൂടുന്നതിനനുസരിച്ചും ശ്രീ രാം ലല്ല സുഖപ്രദമായ കോട്ടൺ വസ്ത്രം ധരിക്കാൻ തുടങ്ങിയെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ശനിയാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

ഉയരുന്ന താപനില കാരണം, ചൂടിൻ്റെ ആഘാതം കുറയ്ക്കുന്നതിന് രാം ലല്ലയെ കോട്ടൺ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം രാം ലല്ലയെ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ചു. ശ്രീകോവിലിൽ ഇതുവരെ ഫാനോ എയർകണ്ടീഷണറോ ഇല്ല.

ഗർഭഗൃഹത്തിനുള്ളിൽ എയർ കണ്ടീഷനറുകൾ സ്ഥാപിക്കണം- രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് എഎൻഐയോട് പറഞ്ഞു. പ്രകൃതിദത്ത വർണ്ണങ്ങൾ ചാലിച്ച് , കസവ് കൊണ്ട് അലങ്കരിച്ചാണ് വസ്ത്രങ്ങൾ തയ്യാറാക്കിയത്. കുറച്ച് ദിവസങ്ങളായി രാംലല്ല കോട്ടൺ വസ്ത്രം ധരിക്കുകയായിരുന്നുവെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

അതേസമയം രാമനവമി, സീതാ നവമി, ഹനുമാൻ ജയന്തി എന്നിവയും ഇത്തവണ ഗംഭീരമായി ആഘോഷിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.രാമനവമി വേളയിൽ ദർശനത്തിനെത്തുന്ന ഭക്തരെ ചൂടിൽ നിന്നും സംരക്ഷിക്കാൻ മതിയായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.