‘വോട്ടിനൊപ്പം ഒരു നോട്ട് ‘ ഫണ്ടിന് കോൺഗ്രസ് ജനങ്ങളിലേക്കിറങ്ങും: ചെറിയാൻ ഫിലിപ്പ്
വോട്ടിനൊപ്പം ഒരു നോട്ട് ‘ എന്ന മുദ്രാവാക്യവുമായി ഭവന സന്ദർശനം നടത്തി യുഡിഎഫ് സംഭാവന സ്വീകരിക്കുമെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ആദായ നികുതി വകുപ്പ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും വൻ തുക പിടിച്ചെടുക്കുകയും ചെയ്തതിനാൽ തെരഞ്ഞെടുപ്പ് ഫണ്ടിന് കോൺഗ്രസ് പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
തേനീച്ച പൂവിൽ നിന്നും തേൻ ശേഖരിക്കുന്നതു പോലെ ജനങ്ങളിൽ നിന്നും ചില്ലിക്കാശ് സ്വരൂപിച്ച് പ്രചരണ ചെലവുകൾ നിർവഹിക്കും. ഇപ്പോഴത്തെ കോൺഗ്രസിന്റെ സാമ്പത്തിക ക്ഷാമം ബൂത്ത് തലത്തിൽ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്നതിനുള്ള സുവർണ്ണാവസരമാക്കി മാറ്റും.
ബി.ജെ.പി, സി പി ഐഎം എന്നീ കേന്ദ്ര-സംസ്ഥാന ഭരണ കക്ഷികൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലുടനീളം വൻ തോതിൽ പണമൊഴുക്കുകയാണ്. സ്ഥാനാർത്ഥികളുടെ നോമിനേഷനു മുമ്പു തന്നെ ബൂത്ത് തലത്തിൽ പ്രചരണ പോസ്റ്റർ, നോട്ടീസ് എന്നിവയോടൊപ്പം നോട്ടുകെട്ടുകളും വിതരണം ചെയ്യുന്നു.
ഇവരുടെ ധനശക്തിയെ ജനശക്തിയിലൂടെ കോൺഗ്രസ് നേരിടും. ‘വിലയേറിയ’ വോട്ടുകൾ വില കൊടുത്ത് വാങ്ങാമെന്ന് ആരും കരുതേണ്ടെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.