സാധാരണക്കാരായ തൊഴിലാളികൾക്ക് വിമൻ ഇന്ത്യ ഖത്തർ ‘ഹോം മെയ്ഡ് ഇഫ്താർ കിറ്റ്’ വിതരണം ചെയ്തു
ദോഹയിൽ നിന്നും ദൂര ദിക്കുകളിൽ താമസിക്കുന്ന അർഹരായവരിലേക്ക് ഇഫ്താർ കിറ്റുമായി വിമൻ ഇന്ത്യ ഖത്തർ. വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ ഉൾപ്പെടെ 3000 പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തെന്ന് ഭാരവാഹികൾ അറിയിച്ചു. വീട്ടിൽ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.
ദോഹയിൽ നിന്നും അകലെയുള്ള പ്രദേശങ്ങളായ കറാന, അബു നഖ്‍ലാ, സനയ്യ, കോർണിഷ് പ്രദേശങ്ങളിലെ ബോട്ട് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരിലേക്കാണ് കിറ്റുകൾ എത്തിച്ചത്.
വക്റ, മദീന ഖലീഫ, റയ്യാൻ, ദോഹ, തുമാമ സോണുകളിലെ വിമൻ ഇന്ത്യ പ്രവർത്തകരടക്കം ഖത്തറിലുള്ള 500 ഓളം സ്ത്രീകൾ വീട്ടിൽ പാചകം ചെയ്ത ഭക്ഷണം അടങ്ങുന്ന ഇഫ്താർ കിറ്റുകളാണ് ലേബർ ക്യാമ്പുകളിലേക്ക് എത്തിച്ചത്.
സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി , സ്റ്റുഡന്റ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ പ്രവർത്തകരും ഈ ഉദ്യമത്തിൽ സഹകരിച്ചു.