ഭാര്യക്ക് ലോക്സഭാ ടിക്കറ്റ് നൽകിയില്ല; അസം എംഎൽഎ കോൺഗ്രസ് വിട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അസമിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ഭരത് ചന്ദ്ര നാര പാർട്ടി വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭാര്യക്ക് പാർട്ടി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
ലഖിംപൂർ സീറ്റിലേക്ക് മുൻ കേന്ദ്രമന്ത്രി കൂടിയായ തൻ്റെ ഭാര്യ റാണി നാരയെ പാർട്ടി പരിഗണിക്കുമെന്നാണ് ഭരത് ചന്ദ്ര പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ ഉദയ് ശങ്കര്‍ ഹസാരികയെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.
“ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ഞാൻ ജിവെക്കുന്നു” പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ ഒറ്റവരി രാജിക്കത്തിൽ എംഎൽഎ കുറിച്ചു. ഞായറാഴ്ച, അസം കോൺഗ്രസിൻ്റെ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് നിന്നും നാര രാജിവച്ചിരുന്നു. അസം ഗണ പരിഷത്തിൽ നിന്നാണ് അദ്ദേഹം കോൺഗ്രസിൽ എത്തിയത്.
ലഖിംപൂർ ജില്ലയിൽ നിന്നുള്ള നവോബോച്ച എംഎൽഎ ഭരത് ചന്ദ്ര നാര. ധകുഖാന നിയോജക മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ അദ്ദേഹം, 2021-ൽ നവോബോച്ചയിൽ നിന്ന് നിയമസഭാംഗമായി. എജിപി സർക്കാരിലും കോൺഗ്രസ് സർക്കാരിലും കാബിനറ്റ് മന്ത്രിയായിരുന്നു നാര. അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ ഭാര്യ റാണി നാര മൂന്ന് തവണ ലഖിംപൂരിൽ നിന്നുള്ള എംപിയാണ്, കൂടാതെ രാജ്യസഭയിലും ഒരു തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.