മനുഷ്യനെപ്പോലെ ചിന്തിക്കും, പ്രവർത്തിക്കും, ഉത്തരം നൽകും; വരുന്നത് റോബോയുഗമോ? ഞെട്ടിച്ച് ഫിഗർ 01
ഓരോ ദിവസവും സാങ്കേതിവിദ്യ ലോകത്ത് വളർന്നുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ മനുഷ്യരാശി റോബോയുഗത്തിലേക്ക് മാറുമെന്ന സൂചനകൾ വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു റോബോട്ടിന്റെ വീഡിയോ ഇത്തരത്തിൽ വൈറലായിരിക്കുകയാണ്. എഐ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പൺഎഐയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഫിഗർ കമ്പനിയുടെ റോബോട്ടാണ് ഞെട്ടിച്ചിരിക്കുന്നത്.
ഹ്യൂമനോയിഡ് റോബോട്ടായ ഫിഗർ 01നെയാണ് കഴിഞ്ഞദിവസം കമ്പനി പ്രദർശിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഏകദേശം മനുഷ്യനെപ്പോലെ ചിന്തിക്കും, പ്രവർത്തിക്കും, ഉത്തരം നൽകാനും കഴിയുന്ന വിധത്തിലാണ് ഫിഗർ 01. ഒരാൾ ചോദ്യം ചോദിക്കുന്നതും കൃത്യമായി ഉത്തരം നൽകുന്നതുമാണ് വീഡിയോയിൽ കാണാൻ കഴിയുക. ഫിഗർ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ ആദ്യ വേർഷനാണ് ഫിഗർ-01.
ഒരു ആപ്പിളും പാത്രങ്ങൾ ഉണക്കാനുള്ള റാക്കും റോബോയുടെ മുന്നിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളായിരുന്നു ചോദിച്ചിരുന്നത്. ക്യാമറാക്കണ്ണുകളിലൂടെ നോക്കി ആളെയും, നിറവും, റാക്കും ഒക്കെ തിരിച്ചറിഞ്ഞ് റോബോട്ട് എല്ലാത്തിനും കൃത്യമായി ഉത്തരം നൽകുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ഡെമോ വീഡിയോയിൽ കാണാൻ കഴിയും. വിഡിയോയിൽ ഉള്ള വ്യക്തി തനിക്ക് കഴിക്കാൻ എന്തെങ്കിലുംകിട്ടുമോ എന്ന ചോദ്യത്തിന് ഫിഗർ 01 മേശപ്പുറത്ത് ഇരിക്കുന്ന ആപ്പിൾ എടുത്തു നൽകുന്നത് കാണാം. അതായത് എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും ഫിഗർ 01ന് കൃത്യമായി അറിയാൻ കഴിയുന്നുണ്ടെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാം.
ഓപ്പൺഎഐയുടെ ലാംഗ്വേജ് മോഡൽ പ്രയോജനപ്പെടുത്തിയാണ് ഫിഗർ 01 കാര്യങ്ങൾ മനസിലാക്കുന്നത്. അതിനു ശേഷം സാഹചര്യം മനസിലാക്കി ഉത്തരം നൽകുന്നു. എന്നാൽ ഫിഗർ 01ന്റെ സാങ്കേതിക വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡിയോയ്ക്കായി എന്തെങ്കിലും പ്രീ-പ്രോഗ്രാം നടത്തിയാണോ ഫിഗർ 01നെ പ്രവർത്തിപ്പിച്ചത് എന്നതടക്കമുള്ള ഊഹപോഹങ്ങൾ ഉയർന്നിട്ടുണ്ട്. ആദ്യമായാണ് ഫിഗർ തങ്ങളുടെ റോബോട്ടിന്റെ ചിന്താശേഷി പ്രദർശിപ്പിച്ചിരിക്കുന്നത്.