ആദായനികുതിയിൽ ഇളവ് ലഭിക്കാനുള്ള 10 മാർഗ്ഗങ്ങൾ ഇതാണ്
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ രാജ്യത്ത് ആദായ നികുതിദായകരുടെ നെഞ്ചിടിപ്പും ഏറുകയാണ്. നികുതിയിളവ് നേടാൻ എന്തു ചെയ്യുമെന്നതാണ് എല്ലാവരുടെയും ചിന്ത. സെക്ഷൻ 80C പ്രകാരം ദേശീയ പെൻഷൻ പദ്ധതിയിലും ലൈഫ് ഇൻഷുറൻസ് പോളിസികളിലും സ്ഥിര നിക്ഷേപങ്ങളിലും പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിലും (പിപിഎഫ്) നികുതി ഇളവ് ലഭിക്കാറുണ്ട്. നികുതിദായകരിൽ അധികവും നികുതിയിളവ് നേടാനുള്ള എല്ലാ വഴികളും ഉപയോഗിക്കാറില്ല. സെക്ഷൻ 80 സി പ്രകാരം ലഭിക്കുന്ന 1.5 ലക്ഷത്തിൻ്റെ മാത്രം ലാഭത്തിലാണ് അധികമാളുകളുടെയും ശ്രദ്ധ.
സെക്ഷൻ 80C അല്ലാതെ നികുതി ഇളവ് നേടാനുള്ള പത്ത് വഴികളാണ് ഇവിടെ പറയുന്നത്.
സെക്ഷൻ 80CCD
എൻപിഎസ് (നാഷണൽ പെൻഷൻ സ്കീം) നിക്ഷേപമുള്ളവർക്കാണ് സെക്ഷൻ 80CCD അനുസരിച്ച് ഈ ഇളവ് ലഭിക്കുന്നത്.സെക്ഷൻ 80 സി പ്രകാരമുള്ള 1.50 ലക്ഷം കൂടാതെ 50000 രൂപ വരെ ഇളവ് ലഭിക്കും.
സെക്ഷൻ 80D
ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കുള്ള പ്രീമിയം അടച്ചതും ആശുപത്രികളിൽ ചെലവഴിച്ച തുകയും നികുതി ഇളവിനായി സമർപ്പിക്കാം. നികുതിദായകൻ്റെ വയസ് നികുതിയിനം തുടങ്ങിയ മാനദണ്ഡങ്ങൾക്ക് വിധേയമായി 25000 മുതൽ 1 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.
സെക്ഷൻ 80DD
ഭിന്നശേഷിക്കാരായ ആശ്രിതരുടെ സംരക്ഷണത്തിനായി ചെലവാക്കുന്ന തുകയും നികുതി ഇളവിനായി സമർപ്പിക്കാം. 40%-80% വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി ചെലവാക്കുന്ന തുകയ്ക്ക് 75000 രൂപ വരെ നികുതി ഇളവ് ലഭിക്കും. 80% ൽ അധികം വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടിയാണ് തുക ചെലവാക്കുന്നതെങ്കിൽ 1.25 ലക്ഷം വരെ നികുതിയിളവ് നേടാനാവും.
സെക്ഷൻ 80DDB
ചില പ്രത്യേക രോഗങ്ങൾക്ക് നികുതിദായകനോ കുടുംബാംഗങ്ങളോ ആശുപത്രിയിൽ ചികിത്സതേടിയാൽ 40000 രൂപയുടെ നികുതി ഇളവ് ലഭിക്കും. എന്നാൽ വയോധികർക്ക് ഈ ഇനത്തിൽ 10 ലക്ഷം വരെ ഇളവുലഭിക്കാം.
സെക്ഷൻ 80E
വിദ്യാഭ്യാസ വായ്പയ്ക്ക് പലിശ അടയ്ക്കുന്നത് വഴി നികുതി ഇളവ് നേടാനാവും. നികുതിദായകനോ പങ്കാളിയ്ക്കോ, മക്കൾക്കോ വേണ്ടിയെടുത്തിട്ടുള്ള ലോണുകൾക്ക് നികുതി ഇളവ് ലഭിക്കും. ഈ കിഴിവുകൾക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. ചില നിബന്ധനകൾക്ക് വിധേയമായിട്ടാണ് നികുതിയളവ് ലഭ്യമാകുന്നത്.
സെക്ഷൻ 80EE
ആദ്യമായി വീട് വാങ്ങുന്നവർക്കാണ് ഈ വകുപ്പ് പ്രകാരം ഇളവിന് അർഹത. 50000 രൂപ വരെയാണ് ഇളവിന് അർഹത. ആദായ നികുതി നിയമം സെക്ഷൻ 24 പ്രകാരമുള്ള നികുതി ഇളവിന് പുറമെയാണ് ഈ നികുതി ഇളവ് ലഭ്യമാവുക. 50000 രൂപവരെ നികുതിദായകന് ഇതുവഴി ഇളവ് ലഭിക്കും.
സെക്ഷൻ 80G
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന സംഭാവന വഴിയും നികുതി ഇളവ് നേടാനാവും. സെക്ഷൻ 80G അനുസരിച്ച് വ്യക്തികൾക്കും കമ്പനികൾക്കും നികുതിയിളവിന് അർഹതയുണ്ട്.
സെക്ഷൻ 80GG
വാടകവീട്ടിൽ കഴിയുന്നവർക്ക് സെക്ഷൻ 80GG പ്രകാരം നികുതിയിളവ് ലഭിക്കും. താമസപരിധിയിലോ, ജോലി ചെയ്യുന്നയിടത്തോ സ്വന്തമായി വീടില്ലാത്ത എച്ച് ആർ എ ലഭിക്കാത്ത ജീവനക്കാർക്കാണ് ഈ സെക്ഷൻ വഴി നികുതിയിളവ് ലഭിക്കുന്നത്.
സെക്ഷൻ 80GGA
ശാസ്ത്ര പഠനത്തിനും ഗ്രാമീണ വികസനത്തിനുമായി ചെലവഴിക്കുന്ന തുകയ്ക്കും നികുതി ഇളവിന് അർഹതയുണ്ട്. ഈ തുക ഏതെങ്കിലും അംഗീകൃത സംഘത്തിന് നൽകിയ സംഭാവനയായിരിക്കണം. എത്ര രൂപ നിക്ഷേിക്കുന്നോ അത്രയും തുകയ്ക്ക് നികുതി ഇളവ് നേടാനാകും.
സെക്ഷൻ 80GGB
രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകളും ഇലക്‌ടറൽ ട്രെസ്റ്റിന് നൽകിയ സംഭാവനകളും നികുതി ഇളവ് ലഭിക്കുന്ന ഒന്നാണ്. ഈ വകുപ്പിൽ പരമാവധി പരിധി നിഷ്‌കർഷിക്കുന്നില്ല.