പുകയിലയെ ചൊല്ലി തർക്കം; മദ്യ ലഹരിയിൽ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു
മദ്യ ലഹരിയിൽ സ്കൂൾ അധ്യാപകനെ പൊലീസുകാരൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. പുകയിലയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്
ഹെഡ് കോൺസ്റ്റബിൾ ചന്ദർ പ്രകാശാണ് അധ്യാപകനായ ധർമേന്ദ്ര കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് ബോർഡ് ഹൈസ്കൂൾ പരീക്ഷയുടെ ഉത്തരക്കടലാസ് മുസാഫർനഗറിലെക്ക് കൊണ്ടുവന്ന വാരണാസി വിദ്യാഭ്യാസ വകുപ്പിലെ അംഗമായിരുന്നു ധർമേന്ദ്ര. സംഘത്തെ അനുഗമിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ചന്ദർ പ്രകാശും ഉണ്ടായിരുന്നു.
പ്രയാഗ്‌രാജ്, ഷാജഹാൻപൂർ, പിലിഭിത്, മൊറാദാബാദ്, ബിജ്‌നോർ എന്നിവിടങ്ങളിൽ പകർപ്പുകൾ സമർപ്പിച്ച ശേഷം ഇവർ ഞായറാഴ്ച രാത്രി മുസഫർനഗറിലെ സിവിൽ ലൈൻ ഏരിയയിലുള്ള എസ്ഡി ഇൻ്റർ കോളജിലെത്തി. കോളജ് ഗേറ്റ് തുറക്കാൻ സംഘം കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് വാഹനത്തിനുളളിൽ വച്ച് ചന്ദറും ധർമേന്ദ്രയും തമ്മിൽ തർക്കം ഉടലെടുത്തത്.
മദ്യ ലഹരിയിലായിരുന്ന കോൺസ്റ്റബിൾ അധ്യാപകനോട് പുകയില ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് വഴക്കിനുള്ള കാരണം. തർക്കം രൂക്ഷമായതോടെ ഹെഡ് കോൺസ്റ്റബിൾ ചന്ദർ പ്രകാശ് ധർമേന്ദ്ര കുമാറിനെ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ അദ്ധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഹെഡ് കോൺസ്റ്റബിളിനെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.