Kerala

എ പ്ലസ് മണ്ഡലം, പ്രധാനമന്ത്രിയെ ഇറക്കി കരുത്ത് കാണിക്കാൻ ബിജെപി; 50,000 പേരെ അണിനിരത്തും, പാലക്കാട് റോഡ് ഷോ

Spread the love

പാലക്കാട്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നാളെ പാലക്കാട്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബിജെപിയുടെ എ പ്ലസ് മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് ഇത് മൂന്നാം തവണയാണ്. 2016ലും 21ലും എത്തിയത് നിയമസഭ അങ്കത്തിന് ആക്കം കൂട്ടാൻ ആയിരുന്നു.

നാളെ രാവിലെ 10 മണിയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. 2009 മുതൽ 2019 വരെയുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ബി ജെ പിക്ക് വൻ വോട്ടു വർധനയാണുണ്ടായത്.

മോദി എത്തുന്നതിന്‍റെ വൻ ആവേശത്തിലാണ് ബി ജെ പി ക്യാമ്പ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്നാണ് നടക്കുക. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത്. തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

നാല് കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും റോഡ്ഷോയുടെ ഭാഗമാകും. അണ്ണാമലൈ കോയമ്പത്തൂരിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നത്.