Saturday, December 28, 2024
Latest:
National

ആര് ഏത് പാർട്ടിക്ക്? ഇലക്ടറൽ ബോണ്ടിൽ ഇന്ന് നിർണായകം, എസ്ബിഐ ഇന്ന് വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറും

Spread the love

ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന് നിര്‍ണായക ദിനം . ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. ഇലക്ടറല്‍ ബോണ്ടിന്‍റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്.ബി.ഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം കൊടുത്തതോടയൊണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ , ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍, ഓരോ ബോണ്ടിന്‍റെയും യുണീക് നമ്പര്‍ എന്നിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ൈകമാറാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്ട്രീയപാര്‍ട്ടികളുടെ പേരുകളും പുറത്തുവന്നു. പക്ഷേ ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയില്ല. ഇത് മനസിലാക്കിയ സുപ്രീംകോടതി ബോണ്ടുകളുടെ നമ്പര്‍ സമര്‍പ്പിക്കാന്‍ എസ്ബിഐക്ക് വീണ്ടും നിര്‍ദേശം നൽകിയത്.

ചൊവ്വാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൂടുതൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയിൽ മൂന്നും അന്വേഷണം നേരിടുന്നതിൻറെ തെളിവുകൾ നേരത്തെ വന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന നിരവധി നിർമ്മാണ കമ്പനികളും ബോണ്ടുകൾ വാങ്ങി. പതിനൊന്ന് നിർമ്മാണ കമ്പനികൾ ചേർന്ന് വാങ്ങിയത് 506 കോടിയുടെ ബോണ്ടാണ്. ഇതിൽ ചെന്നൈ ഗ്രീൻ വുഡ്സ്, വൈഎസ്ആർ കോൺഗ്രസ് എംപി അയോധ്യ രാമി റെഡ്ഡിയുമായി ബന്ധമുള്ള മധ്യപ്രദേശ് വേസ്റ്റ് മാനേജ്മെൻറ് എന്നീ സ്ഥാപനങ്ങൾ ചേർന്ന് വാങ്ങിയത് 111 കോടിയുടെ ബോണ്ടാണ്.

ആദായ നികുതി വകുപ്പ് റെയ്ഡ് കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിലായിരുന്നു രണ്ടു കമ്പനികളുടെയും നീക്കം. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം 115 കോടിയുടെ ബോണ്ട് വാങ്ങിയത് 2022 ഒക്ടോബറിലാണ്. സിബിഐ ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയത് 2022 ജൂലൈയിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു