കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെട്ടിട്ടില്ല, അഴിമതിക്കെതിരെ നടപടിയെടുക്കാൻ ഇഡിക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്’; മോദി
പ്രതിപക്ഷ ആരോപണങ്ങൾക്കിടയിൽ കേന്ദ്ര ഏജൻസികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ന് മുമ്പുള്ള സർക്കാർ ഇഡി, സിബിഐ അടക്കമുള്ളവയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ തൻ്റെ ഭരണകാലത്ത് ഈ ഏജൻസികൾ സ്വതന്ത്രമായി ജോലി ചെയ്യുന്നു. അഴിമതിയോട് സീറോ ടോളറൻസ് നയമാണ് തനിക്കുള്ളത്. അടുത്ത ടേമിൽ അഴിമതി വിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും മോദി.
അഴിമതിക്കെതിരായ തൻ്റെ പോരാട്ടത്തിൽ പലരും ആശങ്കാകുലരാണ്. അതുകൊണ്ടാണ് പലരും രാവും പകലും മോദിയെ അധിക്ഷേപിക്കുന്നത്. 2014-ന് മുമ്പ് 5000 കോടി രൂപയുടെ സ്വത്തുക്കളാണ് കേന്ദ്ര ഏജൻസികൾ കണ്ടുകെട്ടിയത്. എന്നാൽ തൻ്റെ ഭരണകാലത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ലക്ഷം കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെട്ടിട്ടില്ല. മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മോദി.
അഴിമതിക്കെതിരെ നടപടിയെടുക്കാൻ എല്ലാ ഏജൻസികളും പൂർണ സ്വാതന്ത്രമുണ്ട്. നിരവധി ഉദ്യോഗസ്ഥർക്കെതിരായ ഇഡിയുടെ നടപടി രാജ്യ ശ്രദ്ധ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മോദിയുടെ പ്രതികരണം. വ്യവസായികളെ ഭീഷണിപ്പെടുത്തി ബിജെപി ഫണ്ടിലേക്ക് പണം സ്വരൂപിക്കാൻ കേന്ദ്രം ഏജൻസികളെ ആയുധമാക്കുകയാണെന്നും ആരോപണമുണ്ട്. ഇലക്ടറൽ ബോണ്ടുകൾ മുഖേന ഏതാനും വ്യവസായ സ്ഥാപനങ്ങൾ ബിജെപിക്ക് നൽകിയ സംഭാവനകളും, അവർ അഭിമുഖീകരിക്കുന്ന ED അന്വേഷണങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്.