ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം; ഉത്തരവുമായി തിരുവനന്തപുരം കളക്ടർ
2024 പൊതുതെരഞ്ഞെടുപ്പ്, തിരുവനന്തപുരത്ത് ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം. 2024 പൊതുതെരഞ്ഞെടുപ്പിന്റെ ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
തിരുവനന്തപുരം ജില്ലാ പരിധിയിലെ വ്യക്തികൾ ലൈസൻസുള്ള ആയുധം കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചു.
ആരെങ്കിലും ആയുധം കൈവശം വെച്ചാൽ ക്രിമിനൽ ചട്ടം 1973 സെക്ഷൻ 144 പ്രകാരം ജില്ലാ മജിസ്ട്രേറ്റ് നടപടികൾ സ്വീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഫലം പ്രഖ്യാപിക്കുന്നത് വരെയാണ് നിരോധനമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം കേരളത്തില്‍ വോട്ടെടുപ്പിന് ഇനിയുള്ള 40 ദിവസം പരമാവധി കളം നിറച്ചുള്ള പ്രചാരണത്തിന് ഒരുങ്ങുകയാണ് മുന്നണികൾ. കൊടും വെയില്, നാല്പത് ദിവസം പ്രചാരണത്തിന് വൻതുകയും ആവശ്യമാണ്. ഈ രണ്ടു വെല്ലുവിളികള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം.
ചൊവ്വാഴ്ച പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തും. പാലക്കാടാണ് മോദിയുടെ റോഡ് ഷോ. ആഴ്ച അവസാനത്തോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് വമ്പൻ വരവേൽപ്പ് ഒരുക്കാനാണ് യുഡിഎഫ് നീക്കം.