‘CAA ഇന്ത്യയുടെ ആഭ്യന്തര കാര്യം, അമേരിക്ക അനാവശ്യ അഭിപ്രായങ്ങൾ പ്രകടിപ്പിക്കരുത്’; അതൃപ്തിയുമായി ഇന്ത്യ
പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ പ്രതികരിച്ച അമേരിക്കയുടെ നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ കുറിച്ച് പരിമിത ധാരണയുള്ളവർ നിയമ നിർമാണത്തെ കുറിച്ച് തെറ്റായതും അനാവശ്യവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി
പൗരത്വ ഭേദഗതി നിയമം പൗരത്വം നൽകുന്നതിനെ കുറിച്ചാണ്, അല്ലാതെ പൗരത്വം ഇല്ലാതാക്കുന്നതിനല്ല. മനുഷ്യാവകാശങ്ങളെ പിന്തുണക്കുന്നു. സി.എ.എ നടപ്പാക്കുന്നതിനെ കുറിച്ചുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്റെ പ്രസ്താവന തെറ്റായതും അനാവശ്യവുമാണെന്ന് ജയ്സ്വാൾ പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിൻ്റെ വിജ്ഞാപനത്തിൽ ആശങ്കയുണ്ടെന്നും ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നുമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പ്രതികരിച്ചത്. നിയമത്തിൽ എല്ലാ സമുദായങ്ങൾക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്ത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് പറഞ്ഞിരുന്നു.