വർക്കല അപകടം : മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു
വർക്കലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നുണ്ടായ അപകടത്തിൽ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. ടൂറിസം ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ഇന്ന് വൈകീട്ടോടെയാണ് വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം സംഭവിച്ചത്. ശക്തമായ തിരയിൽ പെട്ട് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്‌ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവർ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽ പെട്ടതോട കടലിൽ വീണവർക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ കടലിൽ വീണവരെ പുറത്തെത്തിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണ്. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശക്തമായ തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്.
തിരമാല ശക്തമായിട്ടും ആളെ കയറ്റിയതാണ് അപകട കാരണമെന്ന് ലൈഫ് ഗാർഡ് പറഞ്ഞു. കാലാവസ്ഥ മോശമായിട്ടും നിരവധിപേരെ ബ്രിഡ്ജിലേക്ക് കടത്തിവിട്ടു. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് നടത്തിപ്പുകാർ അവഗണിച്ചുവെന്ന് ലൈഫ് ഗാർഡ് ശങ്കർ ട്വന്റിഫോറിനോട് പറഞ്ഞു.
ഒക്ടോബർ ഒന്നിനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്‌ളോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. 80 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ഒരേ സമയം നൂറ് പേർക്ക് ബ്രിജിൽ പ്രവേശിക്കാവുന്ന രീതിയിലാണ് രൂപകൽപന. 100 മീറ്റർ കടലിലേക്ക് പാലത്തിലൂടെ നടക്കാവുന്ന വിധമാണിത്. തിരയ്ക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന പാലത്തിൽ ഒരാൾക്ക് 120 രൂപയാണ് പ്രവേശന ഫീസ്.