Tuesday, January 7, 2025
National

ബംഗളൂരു കഫേ സ്ഫോടനം: പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ബല്ലാരി മൊഡ്യൂൾ

Spread the love

ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ബല്ലാരി മൊഡ്യൂളിന് ബന്ധമുണ്ടെന്ന് സംശയം. ജയിലിൽ കഴിയുന്ന നാല് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. ഇവർക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് നിഗമനം. മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിൽ 10 പേർക്കാണ് പരിക്കേറ്റത്.

മിനാസ് എന്ന സുലൈമാൻ, സയ്യിദ് സമീർ, അനസ് ഇഖ്ബാൽ ഷെയ്ഖ്, ഷാൻ റഹ്മാൻ എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. പ്രത്യേക എൻഐഎ കോടതി ഇവരെ മാർച്ച് 9 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യും. കഴിഞ്ഞ വർഷം ഡിസംബറിൽ അഞ്ച് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് നാലുപേരും അറസ്റ്റിലായത്.

ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ബല്ലാരി മൊഡ്യൂൾ തലവനാണ് മിനാസ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബല്ലാരി സെക്രട്ടറിയായിരുന്നു. യുവാക്കളെ നിരോധിത ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ചുമതല മിനാസിനാണ്. കോളജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ചായിരുന്നു പ്രവർത്തനം. ഇയാൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും എൻഐഎ കണ്ടെത്തി.

മിനാസ്, സയ്യിദ് സമീർ എന്നിവർ ബല്ലാരിൽ നിന്നും, അനസ് ഇഖ്ബാൽ ഷെയ്ഖ് മുംബൈ, ഷാൻ റഹമാൻ ഡൽഹി എന്നിവിടങ്ങളിൽ നിന്നുമാണ് പിടിയിലായത്. അതാത് സംസ്ഥാനങ്ങളിലെ ജയിലുകളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയെ സമീപിക്കുകയായിരുന്നു.