Kerala

പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഇടതുമുന്നണി; ഇന്ന് നിർണായക എൽഡിഎഫ് യോ​ഗം

Spread the love

പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശം തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഇടതു മുന്നണി.രാവിലെ ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റും,വൈകിട്ട് ചേരുന്ന ഇടത് മുന്നണി യോഗവും കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചരണം ആക്കുന്നത് ചർച്ച ചെയ്യും.കെ.കരുണാകരന്റെ മകൾ ബിജെപിയിൽ പോയെങ്കിൽ മറ്റുപലരും അവിടേക്ക് പോകും എന്ന് പ്രചരണം ശക്തിപ്പെടുത്താനാണ് ഇടതുമുന്നണി നീക്കം.മണ്ഡലം കൺവെൻഷനുകളിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സജീവ ചർച്ചയാക്കാനാണ് സി.പി.ഐ.എം തീരുമാനം.ന്യൂനപക്ഷങ്ങൾക്കിടയിൽ ഈ പ്രചരണം വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നു.

പത്മജ ബിജെപിയിലേക്ക് പോയത് കോൺ​ഗ്രസിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിപിഐഎം വിമർശനങ്ങളെ മറികടക്കാനായി മാർ​ഗങ്ങൾ തേടുകയാണ് കോൺ​ഗ്രസും. ഇന്നലെ ഡൽഹിയിലെത്തി പ്രകാശ് ജാവദേക്കറിൽ നിന്നാണ് പത്മജ ബിജെപി അം​ഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു.

കോൺഗ്രസ്‌ ദേശീയ നേതൃത്വം തന്റെ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. തന്റെ പിതാവും കോൺഗ്രസ്സിനോട് അസംതൃപ്തൻ ആയിരുന്നു. കോൺഗ്രസ്‌ പാർട്ടിയിൽ ശക്തമായ നേതൃത്വം ഇല്ല. മോദി ശക്തനായ നേതാവാണ്. തന്റെ പരാതികൾക്ക് നേതൃത്വത്തിൽ നിന്നും പ്രതികരണം ലഭിച്ചില്ല. തന്നെ ദ്രോഹിച്ചവരുടെ പേരുകൾ ഒരിക്കൽ താൻ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.