Kerala

‘ഇന്ന് ഞാൻ നാളെ നീ എന്ന ഗതി, കോൺഗ്രസിന് ബിജെപിയാകാൻ ഒരു രാത്രി പോലും വേണ്ട’; ബിനോയ് വിശ്വം

Spread the love

ഇന്ന് ഞാൻ നാളെ നീ എന്ന ഗതിയാണ് കോൺഗ്രസിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രായ്ക്ക് രാമാനം കോൺഗ്രസുകാർ ബിജെപിയിലേക്ക് കൂടുമാറുകയാണ്. ആരു വേണമെങ്കിലും പോകാം എന്ന് അവസ്ഥയാണ് കോൺഗ്രസിന്. പുതിയ കോൺഗ്രസിന് ബിജെപി ആകാൻ ഒരു രാത്രി പോലും വേണ്ട.
ഈ കോൺഗ്രസിനെ ആശ്രയിച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം സാധ്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയോട് മനസുകൊണ്ട് കടപ്പെട്ട ഹൃദയം പണയപ്പെടുത്തിയ നിലയിലേക്ക് പുതിയ കോൺഗ്രസ് മാറി. കോൺഗ്രസ് ഗോഡ്സെയുടെ പാർട്ടിയായി മാറിയോയെന്ന് അവർ ചിന്തിക്കണം.കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നവരെ തള്ളിപ്പറയുന്നത് നല്ലതാണ്. തള്ളിപ്പറഞ്ഞവരെല്ലാം ഇപ്പോൾ ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയുമുണ്ടെന്നും കെ മുരളീധരൻ അങ്ങനെ ആവാതിരിക്കട്ടെയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ഇതിനിടെ കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത് പിന്നാലെ പരിഹാസവുമായി സിപിഐഎം നേതാവ് പി ജയരാജൻ രംഗത്തുവന്നിരുന്നു. പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെതിരെ വിഷയം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം.

ബിജെപിയിൽ ചേരില്ലെന്ന വാർത്ത നിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പത്മജയുടെ പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്നാണ് എംപിയും സഹോദരനുമായ കെ മുരളീധരന്‍ പ്രതികരിച്ചത്. പാര്‍ട്ടി പത്മജയ്ക്ക് പരിഗണന നല്‍കിയിട്ടും അവര്‍ ചെയ്തത് ചതിയാണെന്നും തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അച്ഛന്റെ ആത്മാവ് പത്മജയോടു പൊറുക്കില്ല. സഹോദരിയെന്ന സ്നോഹമൊന്നും ഇനിയില്ല. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയുടെ പരിഭവങ്ങൾക്കു മറുപടിയായി കെ മുരളീധരൻ ചോദിച്ചു. കെ കരുണാകരനെ ചിതയിലെടുത്തപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പുതപ്പിച്ചത് കോൺഗ്രസിന്റെ പതാകയാണെന്നും പത്മജയെ മുരളീധരൻ ഓർമിപ്പിച്ചു.