താൻ അർബുദ രോഗ ബാധിതനായിരുന്നു, ഇപ്പോൾ സുഖം പ്രാപിച്ചു; വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്
താൻ അർബുദ രോഗ ബാധിതനായിരുന്നുവെന്നും ഇപ്പോൾ സുഖം പ്രാപിച്ചുവെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണം നടത്തിയ ദിവസത്തിലാണ് അസുഖം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. വയറ്റിലാണ് ക്യാൻസർ കണ്ടെത്തിയതെന്നും തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ 3 ദൗത്യം നടക്കുന്ന സമയത്താണ് തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. എന്നാൽ ആ ഘട്ടത്തിൽ എന്താണ് രോഗമെന്ന് വ്യക്തമായിരുന്നില്ല. ആദിത്യ-എൽ1 ദൗത്യം വിക്ഷേപിച്ച ദിവസം തന്നെ രോഗനിർണയം നടത്തി. ക്യാൻസർ സ്ഥിരീകരിച്ചത് അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്ന കുടുംബത്തെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരുന്നു.
2023 സെപ്തംബർ 2നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ അധിഷ്ഠിത സൗരോർജ്ജ നിരീക്ഷണ കേന്ദ്രമായ ആദിത്യ എൽ1, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള യാത്ര ആരംഭിച്ചപ്പോഴാണ് എസ് സോമനാഥ് സ്കാനിങ്ങിന് വിധേയനായത്. തുടർന്ന് അദ്ദേഹം ചെന്നൈയിലെത്തി കൂടുതൽ പരിശോധനകൾ നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു. കീമോതെറാപ്പി ചികിത്സയ്‌ക്ക് താൻ വിധേയനായതായും അദ്ദേഹം വെളിപ്പെടുത്തി.
തുടർ പരിശോധനകൾക്കായി ചെന്നൈയിൽ പോയെങ്കിലും നാല് ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിനുശേഷം അഞ്ചാം ദിനം അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. അർബുദബാധയിൽ നിന്നും പൂർണ്ണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയം ഇല്ലെന്നും പരിശോധനകൾ നിരന്തരം നടത്തിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.