Kerala

വയനാട് എനിക്ക് പുതിയ ഇടമല്ല, വയനാട്ടിൽ നിന്നാണ് ഞാൻ രാഷ്ട്രീയം പഠിച്ചത്’; ആനി രാജ

Spread the love

വയനാട്ടില്‍ മത്സരിച്ച് ജയിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജ. സാധാരണക്കാരുടെ അടിസ്ഥാന വിഷയങ്ങള്‍ ഏറ്റെടുത്താണ് ഇതുവരെ പ്രവര്‍ത്തിച്ചത്. പാര്‍ട്ടിക്ക് ലഭിച്ച നാലില്‍ ഒരു സീറ്റില്‍ വനിതയെ പരിഗണിച്ചതില്‍ സന്തോഷമെന്ന് ആനി രാജ പറഞ്ഞു.

താന്‍ വയനാട്ടുകാരി തന്നെയാണ്. വയനാട്ടിലെ ജനങ്ങളുടെ എല്ലാ സുഖങ്ങളിലും ദുഖത്തിലും ഞാനുണ്ടാകും. വയനാട്ടില്‍ നിന്നുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ജില്ലയിലെ മുക്കിലും മൂലയിലും പോയി മഹിളാ സംഘത്തിന്റെയും വിദ്യാര്‍ത്ഥി സംഘടനയുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് വളര്‍ന്നുവന്നതെന്നും ആനി രാജ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെ പരാജയപ്പെ
ടുത്താനുള്ള എല്ലാ തന്ത്രങ്ങളും സ്വീകരിക്കും. ഇടതുമുന്നണിയുടെ രാഷ്ട്രീയം മുറുകെ പിടിച്ചായിരിക്കും പ്രചാരണം. അടുത്ത മാസം 1ന് വയനാട്ടിലെത്തി പ്രചാരണം തുടങ്ങുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തൃശൂരില്‍ വി എസ് സുനില്‍കുമാറുമാണ് സിപിഐ സ്ഥാനാര്‍ത്ഥികളാകുന്നത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും മത്സരിക്കും. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സി എ അരുണ്‍കുമാറിന്റെ പേര് അന്തിമമാക്കിയത്. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റേതാണ് തീരുമാനം.

ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡിഎഫ് തന്നെയാണ് പ്രധാന എതിരാളി. എന്നുവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി മോശക്കാരനാണെന്ന് പറയാനാകില്ലെന്നും വിജയം എല്‍ഡിഎഫിനൊപ്പമാണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.