വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 10% സംവരണം; മറാഠാ സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി
മറാഠാ സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ബില്ല് അവതരിപ്പിച്ചത്. വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനത്തിന്‍റെ സംവരണമാണ് ബില്‍ മുന്നോട്ടുവയ്ക്കുന്നത്. നിയമസഭ ഏകകണ്‌ഠമായാണ് ബില്ല് പാസാക്കിയത്. ബില്ലിന് ലെജിസ്‌ലേറ്റിവ് കൗൺസിലിന്റെ അംഗീകാരം ലഭിച്ച ശേഷം ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ഈ മാസം 16ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ പാസാക്കിയത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമുള്ള മറാഠകൾ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമാണെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ജോലികളിൽ മറാഠാ വിഭാഗക്കാരുടെ പ്രാതിനിധ്യം കുറവാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കർഷകരിൽ 94% പേരും മറാഠാ വിഭാഗക്കാരാണ്. നിലവിൽ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങൾക്കായി 52% സംവരണമാണുള്ളത്. മറാഠ വിഭാഗക്കാരെ ഒബിസിയിൽ ഉൾപ്പെടുത്തുന്നത് നീതിയുക്തമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.
സംസ്ഥാന സർക്കാർ ജോലികളിൽ മറാത്താ സമുദായത്തിന് മതിയായ പ്രാതിനിധ്യമില്ല. കാർഷിക വരുമാനത്തിൽ ഇടിവ്, ഭൂമിയുടെ വിഭജനം, യുവാക്കൾക്ക് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്തത് എന്നിവ കാരണം സമൂഹം പിന്നാക്കാവസ്ഥയിലാണെന്നും സാമ്പത്തിക നിലവാരത്തകർച്ചയ്ക്ക് കാരണമായെന്നും പറയുന്നു.
സംസ്ഥാനത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് ബാക്ക്‌വേർഡ് ക്ലാസ് കമ്മീഷൻ (എംഎസ്ബിസിസി) നടത്തിയ മറാഠ സർവേയുടെ കണ്ടെത്തലുകൾ പ്രകാരമാണ് ബില്ലെന്നും സർക്കാർ അറിയിച്ചു.