National

അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

Spread the love

അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഫെബ്രുവരി 23ന് ഹാജരാകണം.

രാഹുൽ ഗാന്ധിയെ കൂടാതെ കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ, പാർലമെൻ്റ് അംഗം ഗൗരവ് ഗൊഗോയ്, അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, തുടങ്ങിയവരോടും ഹാജരാകാന്‍ സിഐഡി ആവശ്യപ്പെട്ടിട്ടുണ്ട്.