National

‘നാരീശക്തി’യെ കുറിച്ച്‌ വാചകമടിച്ചാൽ പോരാ നടപ്പാക്കി കാണിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി

Spread the love

ദില്ലി: നാരീശക്തിയെ കുറിച്ച്‌ വാചകമടിച്ചാൽ പോരാ അത്‌ നടപ്പാക്കി കാണിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിൽ ഷോർട്ട്‌ സർവ്വീസ്‌ അപ്പോയിൻമെന്റ്‌ ഓഫീസറായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥ പെർമനന്റ്‌ കമീഷൻ ആവശ്യപ്പെട്ട്‌ നൽകിയ ഹർജി പരിഗണിക്കവേയാണ്‌ സുപ്രീംകോടതി നിരീക്ഷണം. കരസേനയും നാവികസേനയും വനിതകൾക്ക്‌ പെർമനന്റ്‌ കമ്മീഷൻ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ കോസ്‌റ്റ്‌ ഗാർഡിന്‌ മാത്രം മാറി നിൽക്കാൻ കഴിയില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിരീക്ഷിച്ചു.

നിങ്ങൾ എപ്പോഴും നാരീശക്തി, നാരീശക്തിയെന്ന്‌ പറഞ്ഞ്‌ നടക്കാറുണ്ട്‌. അത്‌ നടപ്പാക്കി കാണിക്കാനുള്ള ഒരവസരമാണിതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ജെബി പാർഡിവാല, ജസ്റ്റിസ് മനോജ് മിസ്ര എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ചയാണ് ഹർജി പരിഗണിച്ചത്. നേരത്തെ ബബിത പൂനിയ കേസിലാണ് വനിതകൾക്കും പെർമനെന്റ് കമ്മീഷൻ കോടതി അനുവദിച്ചത് കോസ്റ്റ്ഗാർഡിന്റെ പുരുഷാധിപത്യപരമായ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനത്തോടെയാണ് കോടതി നിരീക്ഷണം.

എന്ത് കൊണ്ടാണ് തീരക്കടൽ സംരക്ഷണത്തിന് സ്ത്രീകളെ നിങ്ങൾക്ക് ആവശ്യമില്ലാത്തത്. അതിർത്തികൾ സംരക്ഷിക്കാൻ സ്ത്രീകൾക്ക് സാധിക്കുന്നുണ്ട് പിന്നെന്താണ് തീരം സംരക്ഷിക്കാൻ സാധിക്കില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. എന്നാൽ മറ്റ് സേനകളേപ്പോലെയല്ല കോസ്റ്റ്ഗാർഡ് പ്രവർത്തനമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി കോടതിയെ അറിയിച്ചത്. നാവിക സേനയിൽ അടക്കം സ്ത്രീകളെ സ്ഥിരം കമ്മീഷനായി നിയോഗിക്കുമ്പോൾ കോസ്റ്റ് ഗാർഡിന് എന്താണ് ഒഴിവാക്കലെന്നും കോടതി ചോദിച്ചു.

പ്രിയങ്ക ത്യാഗി എന്ന ഉദ്യോഗസ്ഥയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മികച്ച പ്രവർത്തന പശ്ചാത്തലത്തിൽ 14 വർഷം സേവനം ചെയ്ത ശേഷവും പെർമനന്റ് കമ്മീഷൻ നിഷേധിച്ചതോടെയാണ് പ്രിയങ്ക ത്യാഗി കോടതിയെ സമീപിച്ചത്. കടലിൽ നിന്ന് 300ൽ അധികം ജീവനുകളെ രക്ഷിക്കുകയും 4500 മണിക്കൂർ ഡോണിയർ വിമാനം പറത്തുകയും അടക്കം മികച്ച പ്രവർത്തനമാണ് ഈ ഉദ്യോഗസ്ഥ സേവനകാലത്ത് കാഴ്ച വച്ചത്.