കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം; പുറത്തിറങ്ങി വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ
കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും വഴി മട്ടന്നൂരിൽ വച്ചാണ് ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. എസ്എഫ്ഐക്കാർ എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങുമെന്നും ആരിഫ് മുഹമ്മദ് ഖാൻ.
വയനാട് സന്ദർശനം പൂർത്തിയാക്കി ഗവർണർ റോഡ് മാർഗം മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെയായിരുന്നു എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറുടെ വരവ് മുൻകൂട്ടി അറിയാമായിരുന്ന പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധക്കാർ ഗവർണറുടെ വാഹനത്തിന് മുന്നിൽ വരെ എത്തി. തുടർന്ന് ഗവർണറുടെ വാഹനവ്യൂഹം തടസ്സപ്പെട്ടു.
പിന്നാലെ ഗവർണർ തന്നെ വാഹനം നിർത്തിച്ച് കാറിൽ നിന്നും പുറത്തിറങ്ങി. നിങ്ങൾ എവിടെയെല്ലാം പ്രതിഷേധിച്ചാലും അവിടെയെല്ലാം താൻ പുറത്തിറങ്ങുമെന്ന് ഗവർണർ എസ്എഫ്ഐകാരോട് പറഞ്ഞു. സിആർപിഎഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്ത് വാഹനത്തിലേക്ക് തിരികെ കയറ്റി.