ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ; അധ്യാപകനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കുടുംബം
ആലപ്പുഴ കവലൂരില്‍ ഏഴാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്നാണ് ആരോപണം. അധ്യാപകനെ പൊലീസ് സംരക്ഷിക്കുകയാണ്. കായികാധ്യാപകനാണ് മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുട്ടിയെ ഉപദ്രവിച്ചതെന്നും കുടുംബം ആരോപിച്ചു.
രാവിലെ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലേക്ക് ചിതാഭസ്മവുമായി പ്രതിഷേധ പ്രകടനം നടന്നിരുന്നു. പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജിത്തിനെ സ്‌കൂളിലെ ജനലിനോട് ചേര്‍ത്തുനിര്‍ത്തിയശേഷം കായികാധ്യാപകന്‍ ചൂരലുകൊണ്ട് മര്‍ദ്ദിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥി വീട്ടിലെത്തി ജീവനൊടുക്കിയത്. സഹപാഠി തലകറങ്ങി വീണപ്പോള്‍ വെള്ളം നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ മര്‍ദ്ദിച്ചത്. അധ്യാപകനെതിരെ വിദ്യാര്‍ഥികളുടെ മൊഴി ഉണ്ടായിട്ടും മണ്ണഞ്ചേരി പൊലീസ് നിയമനടപടികള്‍ സ്വീകരിക്കാത്തതിനെതിരായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
Read Also : പേട്ടയില്‍ രണ്ടുവയസുകാരിയുടെ തിരോധാനം; മൂന്ന് ടീമുകളായി തിരിഞ്ഞ് അന്വേഷണം
അധ്യാപകനെതിരെ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് എസ്എഫ്‌ഐയുടെയും പരാതി. സ്‌കൂളിലെ അധ്യാപകര്‍ പ്രജിത്തിന്റെ സഹപാഠികളുടെ വീട്ടിലെത്തി വിദ്യാര്‍ഥികളുടെ മൊഴി മാറ്റി പറയിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുമെന്ന് ഡിവൈഎസ്പിയും പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.