Kerala

മലപ്പുറത്ത് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം; സിസിടിവിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയവർ, പൊലീസ് അന്വേഷണം

Spread the love

മലപ്പുറം: താനാളൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. താനാളൂര്‍ നരസിംഹ മൂര്‍ത്തീ ക്ഷേത്രത്തിലും മീനടത്തൂര്‍ അമ്മം കുളങ്ങര ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്ര ഓഫീസുകള്‍ക്കുള്ളില്‍ കടന്ന മോഷ്ടാക്കള്‍ പണം കവരുകയായിരുന്നു.

മീനടത്തൂര്‍ അമ്മം കുളങ്ങര ക്ഷേത്രത്തിന്‍റെ ഓഫീസിന്‍റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാര കുത്തിപ്പൊളിച്ച മോഷ്ടാക്കള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപ കവര്‍ന്നു. പൂട്ട് തക‍ർക്കാനുപയോഗിച്ച പാര ക്ഷേത്രമുറ്റത്ത് നിന്നും കണ്ടെത്തി. ക്ഷേത്രത്തിന് സമീപം താമസിക്കുന്നവരാണ് ഓഫീസിന്‍റെ വാതില്‍ തകര്‍ന്ന് കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. താനാളൂര്‍ നരസിംഹ മൂർത്തി ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കളെത്തിയത്. ക്ഷേത്രമുറ്റത്തെ ഭണ്ഡാരം തകര്‍ത്ത മോഷ്ടാക്കള്‍ ഓഫീസിന്‍റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നു. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരം തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ക്ഷേത്രത്തിലെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് ക്ഷേത്രത്തിനുള്ളില്‍ കടന്നത്.

ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് ക്ഷേത്രത്തിലുമെത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.