World

മലയാളി കുടുംബത്തിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പൊലീസ്; ‘ആനന്ദ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു’

Spread the love

വാഷിംങ്ടൺ: കാലിഫോർണിയയിലെ സാൻ മറ്റെയോ നഗരത്തിൽ മരിച്ച നാല് പേരെയും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളികളായ ആനന്ദ് ഹെൻറി, ഭാര്യ ആലിസ് ബെൻസിഗർ, രണ്ട് ഇരട്ട കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി. ഭർത്താവ് ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകളുണ്ട്. അതേസമയം, കുട്ടികളുടെ മരണകാരണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നീട് പൊലീസ് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റൾ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കലിഫോർണിയയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. അതിനിടെ, ആനന്ദിൻ്റെ സഹോദരൻ വിദേശത്ത് നിന്ന് കാലിഫോർണിയയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.