സരസ്വതി വിഗ്രഹത്തിൽ സാരിയില്ല; ത്രിപുരയിലെ സർക്കാർ കോളജിൽ എബിവിപി പ്രതിഷേധം
ത്രിപുരയിലെ ഗവൺമെൻ്റ് കോളജിൽ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തെ ചൊല്ലി പ്രതിഷേധം. ബസന്ത് പഞ്ചമി ആഘോഷത്തിൻ്റെ ഭാഗമായി അഗർത്തലയിലെ ഗവൺമെൻ്റ് കോളജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിൽ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തിന് സാരിയില്ലെന്ന് ആരോപിച്ച് എബിവിപി പ്രവർത്തകർ പരിപാടി തടസ്സപ്പെടുത്തി. വിഗ്രഹം അശ്ലീലത ഉളവാക്കുന്നതും, മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് ആരോപണം.
കോളജിൽ നിർമിച്ച വിഗ്രഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സരസ്വതി ദേവിയുടെ വിഗ്രഹം അശ്ലീലമായ രീതിയിലാണ് കൊത്തിയെടുത്തതെന്ന് എബിവിപി ആരോപിച്ചു. സാരിയില്ലാത്ത വിഗ്രഹത്തെ സാരി പുതപ്പിച്ചു കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. സരസ്വതി ദേവിയെ ഈ രൂപത്തിൽ അവതരിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ത്രിപുരയിലെ എബിവിപി ജനറൽ സെക്രട്ടറി ദിബാകർ ആചാരി പറഞ്ഞു.
ഇതിനിടെ ബജ്റംഗ്ദൾ പ്രവർത്തകരും പ്രതിഷേധവുമായി എത്തി. എതിർപ്പ് ശക്തമായതോടെ കോളജ് അധികൃതർ പ്രതിമ സ്ഥലത്തുനിന്നു മാറ്റി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചു. പകരം പുതിയ പ്രതിമ സ്ഥാപിച്ച് പൂജ പൂർത്തിയാക്കി. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. പൊലീസും സ്ഥലത്തെത്തിയെങ്കിലും സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല.